India
ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം അനിശ്ചിതത്വത്തില്‍ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം അനിശ്ചിതത്വത്തില്‍
India

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം അനിശ്ചിതത്വത്തില്‍

admin
|
10 Aug 2017 8:37 AM GMT

ചൈനക്ക് പുറമെ പ്ലീനറി യോഗത്തില്‍ കൂടുതല്‍ രാഷ്ട്രങ്ങള്‍ അംഗത്വത്തെ എതിര്‍ത്തു. ബ്രസീല്‍, ഓസ്ട്രിയ, തുര്‍ക്കി, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് എതിര്‍പ്പറിയിച്ചത്

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തില്‍ തീരുമാനമായില്ല. സോളില്‍ ചേര്‍ന്ന എന്‍എസ്ജി പ്രത്യേകയോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇന്ത്യക്ക് അംഗത്വം നല്‍കുന്നതില്‍ ചൈന, ബ്രസീല്‍, അയര്‍ലാന്‍ഡ്, തുര്‍ക്കി, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് പുറമെ കാനഡയും എതിര്‍പ്പുമായി രംഗത്തെത്തിയതെന്നാണ് സൂചന. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കരുതെന്ന നിലപാടാണ് ഈ രാജ്യങ്ങള്‍ മുന്നോട്ട് വെച്ചത്.

സോളില്‍ നടക്കുന്ന വാര്‍ഷിക പ്ലീനറി യോഗത്തിനിടെ പ്രത്യേക സെഷന്‍ വിളിച്ച് ചേര്‍ത്താണ് അംഗത്വത്തിനുള്ള ഇന്ത്യന്‍ അപേക്ഷ ചര്‍ച്ച എന്‍എസ്ജി ചര്‍ച്ച ചെയ്തത്. ചൈനയാണ് പ്രധാന എതിര്‍പ്പ് ഉയര്‍ത്തുക എന്ന പ്രതീക്ഷിച്ചെങ്കിലും, ബ്രിക്സില്‍ ഇന്ത്യയുടെ പ്രധാന നയന്ത്ര പങ്കാളിയായ ബ്രസീലിന്‍റെ വിയോജിപ്പ് അപ്രതീക്ഷിതമായിരുന്നു. തുര്‍ക്കി, അയര്‍ലാന്‍ഡ്,ഓസ്ട്രിയ, ന്യൂസിലാന്‍റ് തുടങ്ങിയ രാജ്യങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചു. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത ഇന്ത്യക്ക് എന്‍എസ്ജിയില്‍ അംഗത്വം നല്‍കുന്നത് ശരിയല്ലെന്ന നിലപാടാണ് ഇവര്‍ മുന്നോട്ട് വെച്ചത്.

എന്‍പിടിയില്‍ ഒപ്പ് വെക്കാത്ത പാക്കിസ്ഥാനും ഇന്ത്യക്ക് പുറമെ അപേക്ഷ നല്‍കിയിരുന്നു. ഇന്ത്യക്ക് നല്‍കുകയാണെങ്കില്‍ പാക്കിസ്ഥാനും അംഗത്വം നല്‍കണമെന്ന് ചൈന വാദിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്ക് അംഗത്വം നല്‍കിയാല്‍ പാക്കിസ്ഥാനും നല്‍കേണ്ടി വരുമെന്ന ആശങ്ക ബ്രസീല്‍ ഉള്‍പ്പെടേയുള്ള രാജ്യങ്ങളും ഉന്നയിച്ചു. ഇതോടെ അഭിപ്രായ സമന്വയം ഉണ്ടാക്കാനാകാതെ യോഗം പിരിയുകയായിരുന്നു. എന്‍എസ്ജി പ്ലീനറി യോഗം നാളെയാണ് സോളില്‍ അവസാനിക്കുക. ഇതിനിടയില്‍ വിഷയത്തില്‍ വീണ്ടും ചര്‍ച്ച ഉണ്ടായേക്കും.

എന്നാല്‍ കൂടുതല്‍ അംഗരാജ്യങ്ങള്‍ എതിര്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ എന്‍എസ്ജി പ്രവേശം ഉടന്‍ ഉണ്ടാകാനുള്ള സാധ്യത മങ്ങുകയാണ്. ഇതിനായി മോദി സര്‍ക്കാര്‍ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ ഫലം കണ്ടില്ല എന്ന് കൂടി ഇതിലൂടെ തെളിയുകയാണ്.

Related Tags :
Similar Posts