കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: ഒരു ഭീകരന് കൊല്ലപ്പെട്ടു
|കൂടുതല്‍ ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് സൂചന.
ജമ്മുകശ്മീരില്‍ വീണ്ടും നുഴഞ്ഞ് കയറ്റശ്രമം. ബാണ്ടിപോരയില് നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. അതിര്‍ത്തിയില്‍ വലിയ തോതില്‍ നുഴഞ്ഞ് കയറ്റത്തിന് സാധ്യതയുണ്ടെന്നാണ് സൈനിക ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഉറി ആക്രമണത്തില്‍ പാക് പങ്ക് വ്യക്തമാക്കി ഇന്ത്യ കൈമാറിയ തെളിവുകള്‍ പാകിസ്താന് തള്ളി
ഞായറാഴ്ച ഉറിയിലെ ആര്‍മി ബ്രിഗേഡ് ആസ്ഥാനത്തിന് നേരേ നടന്ന ആക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ മൂന്ന് തവണ നുഴഞ്ഞ് കയറ്റ ശ്രമമുണ്ടായി. ഇന്ന് ബന്ദിപോരയില്‍ നടന്ന നുഴഞ്ഞ് കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തുകയും ഒരു തീവ്രവാദി കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞദിവസം ആക്രമണത്തിന് പിന്നാലെ ഉറിയില്‍ നടന്ന നുഴഞ്ഞ് കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തുകയും 10 തീവ്രവാദികളെ വധിക്കുകയും ചെയ്തിരുന്നു. ഖത്തുവാ, അഖ്നൂര്‍ മേഖലകളില്‍ നുഴഞ്ഞ് കയറ്റത്തിന് തയ്യാറായി നൂറ് കണക്കിന് തീവ്രവാദികള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് മിലിറ്ററി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ അതിര്‍ത്തിയില്‍ സുരക്ഷ കര്‍ക്കശമാക്കി..
കരസേനാ ആസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി നിയന്ത്രണരേഖയിലെ സുരക്ഷക്രമീകരണങ്ങള്‍ വിലയിരുത്തി. ആഭ്യന്തരമന്ത്രി രാജ്നാഥ്സിങിന്റെ നേതൃത്വത്തില്‍ ആഭ്യന്തരസുരക്ഷ സമിതിയും യോഗം ചേര്‍ന്നു. ഉറി ഭീകരാക്രമണത്തില്‍ പാക് പങ്ക് വ്യക്തമാക്കി ഇന്ത്യ നല്കിയ തെളിവുകള്‍ പാകിസ്താന് തള്ളി. കശ്മീരിലെ പ്രശ്നത്തില്‍ നിന്ന് വഴി തിരിച്ച് വിടാനാണ് ഇന്ത്യയുടെ ശ്രമമെന്ന് പാകിസ്താന് കുറ്റപ്പെടുത്തി.