എന്നെ ആക്രമിക്കൂ... എനിക്ക് നേരെ വെടിവെക്കൂ... ദലിതരെ ഒന്നും ചെയ്യരുതേ... - മോദിയുടെ പുതിയ പ്രസംഗം
|പശു സംരക്ഷണത്തിന്റെ പേരില്‍ ദലിതരെ വേട്ടയാടുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ദലിത് സ്നേഹം ഒഴുക്കി രംഗത്ത്.
പശു സംരക്ഷണത്തിന്റെ പേരില്‍ ദലിതരെ വേട്ടയാടുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ദലിത് സ്നേഹം ഒഴുക്കി രംഗത്ത്. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ആദ്യ സന്ദര്‍ശനത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന.
സമൂഹത്തില്‍ ചൂഷണം ചെയ്യപ്പെടുന്നവരെയും ദലിതരെയും സംരക്ഷിക്കണമെന്ന് മോദി ആഹ്വാനം ചെയ്തു. 'ദലിതരുടെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കണം. നിങ്ങള്‍ക്ക് ആരെയെങ്കിലും ആക്രമിക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ എന്നെ ആക്രമിക്കൂ, ദലിത് സഹോദരങ്ങളെയല്ല. നിങ്ങള്‍ക്ക് ആരുടെയെങ്കിലും നേരെ നിറയൊഴിക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് എന്റെ നേരെയാകട്ടെ, ദലിത് സഹോദരങ്ങള്‍ക്ക് നേരെയാവരുത്' - മോദി പറഞ്ഞു. വ്യാജ പശു സംരക്ഷകര്‍ രാജ്യത്തെ വിഭജിക്കുകയാണെന്നും ഇത്തരക്കാരെ കണ്ടെത്തി കടുത്ത ശിക്ഷ നല്‍കണമെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ ഉനയില്‍ പശുത്തോല് കടത്തിയെന്ന വ്യാജ പ്രചരണത്തെ തുടര്‍ന്ന് ദലിത് യുവാക്കളെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം കേന്ദ്രത്തെ വരെ ഉലച്ചുകഴിഞ്ഞുവെന്നതിന്റെ സൂചനയാണ് 48 മണിക്കൂറിനിടെ പശു സംരക്ഷകര്‍ക്കെതിരെ പൊട്ടിത്തെറിച്ച് മോദി രണ്ടാം തവണ രംഗത്തുവന്നിരിക്കുന്നത്. ഉന സംഭവത്തിന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികരിക്കാതിരുന്ന മോദി, ദലിത് പ്രക്ഷോഭം അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കടുത്ത തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുകളെ തുടര്‍ന്നാണ് കഴിഞ്ഞദിവസം വ്യാജ ഗോ സംരക്ഷകര്‍ക്കെതിരെ രംഗത്തുവന്നത്.