ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനം
|മികച്ച സർവകലാശാലകളുടെ പട്ടികയിൽ ജവഹർലാൽ നെഹ്റു സർവകലാശാല(ജെ.എൻ.യു) രണ്ടാം സ്ഥാനമാണ്
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രം. പട്ടികയിൽ ഐ.ഐ.ടി ചെന്നൈ രണ്ടാം സ്ഥാനത്തും ഐ.ഐ.ടി ബോംബെ മൂന്നാം സ്ഥാനത്തും എത്തി. ബനാറസ് ഹിന്ദു സർവകലാശാല(ബി.എച്ച്.യു) ആണ് മൂന്നാമത്. കേരള സർവകലാശാലയ്ക്ക് 47-ാം സ്ഥാനമാണ് ലഭിച്ചത്.
കോളജുകളിൽ ഡൽഹി മിറാൻഡ ഹൗസ് കോളജാണ് രാജ്യത്തെ ഏറ്റവും മികച്ച കോളെജ്. ചെന്നൈ ലയോള കോളജിന് രണ്ടാമതും ഡൽഹി ശ്രീറാം കോളജ് ഓഫ് കൊമേഴ്സ് മൂന്നാമതും എത്തി. മാനേജ്മെന്റ് പഠന സ്ഥാപനങ്ങളുടെ പട്ടികയിൽ ഐഐഎം അഹമ്മദാബാദാണ് ഒന്നാമത്. ഐ.ഐ.എം ബംഗളൂർ രണ്ടാമതും ഐ.ഐ.എം കോൽക്കത്ത മൂന്നാമതും എത്തി. ഐ.ഐ.എം കോഴിക്കോടിന് അഞ്ചാം സ്ഥാനം ലഭിച്ചിട്ടുണ്ട്.