India
റേഷന്‍ വിതരണത്തിന് ആധാര്‍ നിര്‍ബന്ധമാക്കുംറേഷന്‍ വിതരണത്തിന് ആധാര്‍ നിര്‍ബന്ധമാക്കും
India

റേഷന്‍ വിതരണത്തിന് ആധാര്‍ നിര്‍ബന്ധമാക്കും

Sithara
|
22 Aug 2017 1:15 PM GMT

സബ്സിഡിയുള്ള സാധനങ്ങള്‍ക്കാണ് ആധാര്‍ നിര്‍ബന്ധമാക്കുക.

റേഷന്‍ കടകളില്‍ നിന്ന് സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.‌ സര്‍ക്കാര്‍ പദ്ധതികള്‍ക്കും സബ്സിഡികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി നിര്‍ദേശം നിലനില്‍ക്കെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. സര്‍ക്കാരിന്റെ തീരുമാനം സബ്സിഡി പട്ടികയില്‍ പെട്ട ധാരാളം ഗുണഭോക്താക്കളെ പുറത്താക്കും.

നിലവില്‍ റേഷന്‍കാര്‍ഡുള്ള ഉപഭോക്താക്കള്‍ക്ക് ആധാര്‍കാര്‍ഡില്ലെങ്കില്‍ അവര്‍ സബ്സിഡി പട്ടികക്ക് പുറത്താകും. ആധാര്‍ കാര്‍ഡ് ഇതുവരെയും ലഭിച്ചി‌ട്ടില്ലാത്ത രാജ്യത്തെ ലക്ഷക്കണക്കിന് വീട്ടമ്മമ്മാര്‍ പ്രതിസന്ധിയിലാകും. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശമുണ്ട്. ആധാര്‍കാര്‍ഡുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയു‌ടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്.

രാജ്യത്ത് മൊബൈല്‍ സിം എടുക്കുന്നതിന് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി നേരത്തെ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദേശം നിലനില്‍ക്കുമ്പോള്‍ തന്നെ വിവിധ പദ്ധതികള്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള ഗൂഢശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ
സുപ്രീം കോടതിയെ സമീപിക്കാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

Related Tags :
Similar Posts