ഉയ്ഗര് നേതാവ് ഇസക്ക് ഇന്ത്യ വിസ നിഷേധിച്ചു
|ഉയ്ഗര് നേതാവ് നേതാവ് ഡോള്‍കുന്‍ ഇസക്ക് വിസ നല്‍കാനുള്ള തീരുമാനം ഇന്ത്യ റദ്ദാക്കി.
ഉയ്ഗര് മുസ്ലിം നേതാവ് ഡോള്‍കുന്‍ ഇസക്ക് അനുവദിച്ച വിസ ഇന്ത്യ റദ്ദാക്കി. ചൈനയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇന്ത്യയുടെ തീരുമാനം. തീരുമാനത്തില്‍ നിരാശയുണ്ടെന്നും സന്ദര്‍ശനം വിവാദമാക്കിയതില്‍ ദുഃഖമുണ്ടെന്നും ഡോള്‍കുന്‍ ഇസ പ്രതികരിച്ചു. ചൈനീസ് സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങുകയാണെന്ന് വിമര്‍ശമുയര്‍ന്നിട്ടുണ്ട്.
ചൈനയുടെ കൈവശം വച്ചിരിക്കുന്ന ഉയ്ഗര് പ്രവിശ്യ സ്വതന്ത്രമാക്കണം എന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി പ്രക്ഷോഭങ്ങള്‍ നടത്തുകയും ചൈന ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തയാളാണ് ഉയ്ഗര് കോണ്‍ഗ്രസ് നേതാവായ ഡോള്‍കുന്‍ ഇസ.
കഴിഞ്ഞ ആഴ്ചയാണ് ഇസ 28ന് ധര്‍മ്മ ശാലയില്‍ നടക്കുന്ന ടിബറ്റന്‍ കോണ്ഫ്രന്സില് പങ്കെടുക്കുന്നതിന് വിസ ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ചത്. ഈ മാസം ആറിന് ടൂറിസ്റ്റ് ഇ വിസ അനുവദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ചൈനയുടെ ഭാഗത്ത് നിന്നും പ്രതിഷേധം ശക്തമായത്. ഇസ തീവ്രവാദിയാണെന്നും ഇസയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് എല്ലാ രാജ്യങ്ങളുടേയും കടമയാണെന്നായിരുന്നു ചൈനയുടെ വാദം.
പ്രതിഷേധം ശക്തമായതോടെ ഇന്ത്യ വിസ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇസയ്ക്കെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന കാരണമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്.
അതേസമയം ഇന്ത്യയുടെ തീരുമാനം നിരാശാജനകമാണെന്നാണ് ഇസയുടെ പ്രതികരണം.
ജയ്ഷെ ഈ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെ തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് തടസ്സം നിന്ന ചൈനയോടുള്ള പ്രതികാരമായാണ് ഇസയ്ക്ക് വിസ അനുവദിച്ചതെന്നുള്ള ആരോപണവും ഉയര്‍ന്നിരുന്നു.
ഇതേ തുടര്‍ന്ന് ഇന്ത്യ - ചൈന ബന്ധത്തിനുണ്ടായ ഉലച്ചില്‍ വിസ റദ്ദാക്കാനുള്ള തീരുമാനത്തിലൂടെ പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തല്‍.