ഇന്ത്യന്‍ അന്തര്‍വാഹിനിയുടെ നിര്‍ണായക രഹസ്യവിവരങ്ങള്‍ ചോര്‍ന്നു
|അന്തര്‍വാഹിനിയില്‍ നിന്ന് കപ്പലുകള്‍ക്കെതിരെ തൊടുക്കുന്ന ടോര്‍പ്പിഡോകളുടെ വിക്ഷേപണ സംവിധാനം, വിവിധ വേഗതയില്‍ അന്തര്‍വാഹിനിയില്‍ നിന്ന് പുറപ്പെടുന്ന ശബ്ദം....
ഫ്രാന്‍സിന്റെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ചെടുത്ത സ്കോര്പ്പിന് എന്ന മുങ്ങിക്കപ്പലിന്റെ നിര്‍ണായക രഹസ്യവിവരങ്ങള്‍ ചോര്‍ന്നു. ഫ്രാന്‍സിന്റെ പ്രതിരോധ കമ്പനിയായ ഡിസിഎന്‍എസുമായി ഒപ്പിട്ട കരാറിന്റെ നിര്‍ണായക രേഖകളാണ് ചോര്‍ന്നത്. വിവരങ്ങള്‍ ചോര്‍ത്തിയത് ഹാക്കിങിലൂടെയാണെന്ന് സംശയിക്കുന്നതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.
2018ഓടെ ശേഷിക്കുന്ന അന്തര്‍വാഹിനികള്‍ വ്യോമസേനയുടെ ഭാഗമാകാനിരിക്കെയാണ് രഹസ്യ വിവരങ്ങള്‍ ചോര്‍ന്നത്. അന്തര്‍വാഹിനിയെ സംബന്ധിച്ച സുപ്രധാനമായ വിവരങ്ങളടങ്ങുന്ന 22,400 പേജുകളിലെ വിശദാംശങ്ങളാണ് ചോര്‍ന്നത്. പുതിയ തലമുറയില്‍പെട്ട കോര്‍പ്പീന്‍ അന്തര്‍വാഹിനികള്‍ക്കായി 23,000 കോടി രൂപയുടെ കരാറാണ് ഡി.സി.എന്‍.എസിന് നല്‍കിയത്. കോര്‍പീന്‍ അന്തര്‍വാഹിനികള്‍ മലേഷ്യ, ചിലി എന്നിവ ഇപ്പോള്‍ തന്നെ ഉപയോഗിച്ചു വരുന്നുണ്ട്. 2018 ഓടെ ബ്രസീല്‍ കോര്‍പ്പീന്‍ അന്തര്‍വാഹിനി നീറ്റിലിറക്കാനിരിക്കുകയാണ്.
അന്തര്‍വാഹിനിയുടെ സെന്‍സറുകള്‍ സംബന്ധിച്ച വിവരങ്ങള്‍, ആശയവിനിമയവും ഗതി നിര്‍ണയവും സംബന്ധിച്ച വിവരങ്ങള്‍, ശത്രുവാഹനങ്ങളെ തകര്‍ക്കുന്നതിനുള്ള ടോര്‍പിഡോ സംവിധാനം എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ചോര്‍ന്ന അഞ്ഞൂറോളം പേജുകളിലുള്ളതെന്ന് ആസ്ട്രേലിയയിലെ പത്രമായ ദ ആസ്ട്രേലിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
31 നാവികരടങ്ങിയ സംഘമാണ് സ്കോര്‍പീന്‍ നിയന്ത്രിക്കുക. 66 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വ്യാസവും മുങ്ങിക്കപ്പലിനുണ്ട്. ആറ് മിസൈലുകളും ടോര്‍പ്പിഡോകളും ഇവയില്‍ ഘടിപ്പിക്കാം. ശത്രുരാജ്യത്തിന്റെ മിസൈലുകളും ടോര്‍പ്പിഡോകളും കപ്പലുകളും കണ്ടെത്താന്‍ ആത്യാധുനിക ഇന്‍ഫ്രാറെഡ് റേഡിയേഷന് ഡിറ്റക്ടറുകളും ഇവയില്‍ പ്രവര്‍ത്തിക്കും.
സംഭവത്തേപ്പറ്റി ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു. വിവരങ്ങള്‍ പുറത്തായത് തങ്ങളുടെ ഇടപാടുകാരെ കാര്യമായി ബാധിച്ചതായി ഡിസിഎന്‍ പുറത്ത് വിട്ട പത്രക്കുറിപ്പില്‍ പറയുന്നു. അതേസമയം വിവരങ്ങള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ പല കമ്പനികളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങള്‍.