ഭോപ്പാല്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
|സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി
ഭോപ്പാലില്‍ സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുന്‍ ഹൈക്കോടതി ജഡ്ജി എസ് കെ പാണ്ഡെയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.
സംഘാംഗങ്ങൾ ആയുധ ധാരികളായിരുന്നുവെന്ന മധ്യപ്രദേശ് സർക്കാരിന്റെ വാദം ഖണ്ഡിച്ചു സംഘം നിരായുധരായിരുന്നുവെന്ന് സംസ്ഥാന തീവ്രവാദി വിരുദ്ധ സേനാ മേധാവി സഞ്ജീവ് ഷമി വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ, സംഘാംഗങ്ങളുടെ നേർക്ക് രണ്ടോ അതിലധികമോ തവണ വെടിവച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കി. അരയ്ക്കു മുകളിലും തലയിലുമാണ് മിക്കവർക്കും വെടിയേറ്റത്. എത്ര ദൂരെ നിന്നാണു വെടിവച്ചതെന്നു തെളിഞ്ഞാൽ, ഏറ്റുമുട്ടൽ സംബന്ധിച്ചു വ്യക്തമായ ചിത്രം ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇതിനായി ഫൊറൻസിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.