പിന്തുണച്ചവരും പിന്നെ പിന്തിരിഞ്ഞുനിന്നു
|ആദ്യം മോദിയെ പിന്തുണച്ചിരുന്ന പലരും പിന്നീട് പ്രതിപക്ഷത്തിനൊപ്പം സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നതിനും കഴിഞ്ഞ 50 ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചു
പ്രതിപക്ഷവും എന്‍.ഡി.എ ഘടക കക്ഷി ശിവസേനയുമൊക്കെ യോജിച്ച് കേന്ദ്ര സര്‍ക്കാരിനും നരേന്ദ്രമോദിക്കുമെതിരെ രംഗത്തു വന്ന രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കിയ നടപടിയായിരുന്നു നോട്ട് അസാധുവാക്കല്‍. നടപടിയെ ചരിത്രപരമായ മണ്ടത്തരമെന്ന് വിശേഷിപ്പിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസംഗവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു,
നവംബര്‍ 10 ന് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാര്‍ നിലപാടിനെതിരെ യോജിച്ച് നീങ്ങാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനമെടുത്തത്. പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായി സ്തംഭിച്ചുകൊണ്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പാര്‍ലമെന്റില്‍ ആക്രമണം നടത്തിയത് ചരിത്രത്തില്‍ ഇടംപിടിക്കുന്ന വാക്കുകള്‍ കൊണ്ടായിരുന്നു. നരേന്ദ്രമോദിയെ മുന്നിലിരുത്തിയായിരുന്നു മന്‍മോഹന്‍സിങിന്റെ പരിഹാസം കലര്‍ന്ന പ്രസംഗം.
''ബാങ്കുകളില്‍ ജനങ്ങള്‍ നിക്ഷേപിച്ച പണം അവരെ പിന്‍വലിക്കാന്‍ അനുവദിക്കാതിരുന്ന ഏതെങ്കിലും രാജ്യമുണ്ടോയെന്ന് പ്രധാനമന്ത്രി പറയണം. ദേശീയ വരുമാനം രണ്ട് ശതമാനമായി ഇടിയും. നോട്ടു നിരോധനം ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണങ്ങളുണ്ടാക്കുന്ന നടപടിയാണെന്ന് പറയുന്നവര്‍ ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ജോണ്‍ കെയ്ന്‍സിന്റെ 'ദീര്‍ഘകാലമാവുമ്പോഴേക്കും നമ്മളെല്ലാം മരിച്ചിട്ടുണ്ടാകും' എന്ന വാചകം ഓര്‍ക്കുന്നത് നന്നായിരിക്കും'' മെന്നായിരുന്നു മന്‍മോഹന്‍സിങ് സഭയില്‍ പറഞ്ഞത്.
തെരുവിലെ സമരങ്ങളുടെ നേതൃസ്ഥാനത്ത് വ്യവസ്ഥാപിത പ്രതിപക്ഷ കക്ഷികളെ മാറ്റി അരവിന്ദ് കെജ്രിവാളും മമത ബാനര്‍ജിയും നിന്നു. സര്‍ക്കാരിനും മോദിക്കുമെതിരെ ശക്തമായ ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി രംഗത്തു വന്നു.
ആദ്യം മോദിയെ പിന്തുണച്ചിരുന്ന പലരും പിന്നീട് പ്രതിപക്ഷത്തിനൊപ്പം സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നതിനും കഴിഞ്ഞ 50 ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചു.