ദലിത് പീഡനക്കേസുകളില്‍ ഭൂരിഭാഗത്തിലും പ്രതികളെ വിട്ടതായി കണക്കുകള്‍
|ഇന്ത്യയിലാകെയുള്ള ദലിത് പീഡനക്കേസുകളിലെ ശിക്ഷാ നിരക്കിന്റെ ആറിലൊന്ന് മാത്രമാണ് ഇത്
ഗുജറാത്തില്‍ ദലിത് പീഡനക്കേസുകളില്‍ 95 ശതമാനത്തിലും പ്രതികളെ വെറുതെ വിട്ടതായി കണക്കുകള്‍. ഇന്ത്യയിലാകെയുള്ള ദലിത് പീഡനക്കേസുകളിലെ ശിക്ഷാ നിരക്കിന്റെ ആറിലൊന്ന് മാത്രമാണ് ഇത്. ഗുജറാത്തില്‍ ദലിതരുടെ പ്രക്ഷോഭം തുടരുന്നതിനിടെ ഒരു സന്നദ്ധ സംഘടനയാണ് ഈ കണക്ക് പുറത്തു വിട്ടത്.
പശുവിന്റെ തോലുരിച്ചുവെന്നാരോപിച്ച് ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനെതിരെയുള്ള പ്രതിഷേധം ഗുജറാത്തില്‍ കത്തിപ്പടരുന്നതിനിടെയാണ് ദളിത് പീഡനം വര്‍ദ്ധിയ്ക്കുന്നതിന്റെ കാരണം സൂചിപ്പിയ്ക്കുന്ന കണക്ക് സന്നദ്ധ സംഘടനയായ ഇന്ത്യാസ്പ്രെഡ് പുറത്തു വിട്ടത്. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ദലിത് പീഡനക്കേസുകളില്‍ 5 ശതമാനത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിയ്ക്കപ്പെട്ടിട്ടുള്ളത്. 95 ശതമാനത്തിലും പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാനോ കുറ്റം തെളിയിക്കാനോ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. ദേശീയ തലത്തില്‍ 30 ശതമാനം കേസുകളില്‍ പ്രതികള്‍ ശിക്ഷിയ്ക്കപ്പെടുന്പോഴാണ് ഗുജറാത്തില്‍ പരിതാപകരമായ ഈ അവസ്ഥയുള്ളത്.
2014ല്‍ ദേശീയ തലത്തില്‍ 28.8 ശതമാനം ദലിത് പീഡനക്കേസുകളിലും കുറ്റവാളികള്‍ ശിക്ഷിയ്ക്കപ്പെട്ടപ്പോള്‍ ഗുജറാത്തില്‍ അത് 3.4 ശതമാനം മാത്രമായിരുന്നു. ദലിതരില്‍ത്തന്നെ ഗിരിജന വിഭാഗത്തെ ആക്രമിച്ച കേസുകളില്‍ സ്ഥിതി ഇതിനേക്കാള്‍ പരിതാപകരമാണ്. 2014ല്‍ ദേശീയ തലത്തില്‍ 37.9 ശതമാനം കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിയ്ക്കപ്പെട്ടപ്പോള്‍ ഗുജറാത്തില്‍ അത് 1.8 ശതമാനം മാത്രമാണ്. അതാതയത് ലഭ്യമായ കണക്കുകള്‍ വെച്ച് പരിശോധിച്ചാല്‍ ദളിത് പീഡനക്കേസുകളില്‍ കുറ്റവാളികള്‍ക്ക് എളുപ്പത്തില്‍ രക്ഷപ്പെടാമെന്ന പ്രതീതി ഉയര്‍ത്തുന്ന സാഹചര്യമാണ് ഗുജറാത്തില്‍ നിലനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനത്തിനെതിരെയാണ് ഗുരുതരമായ ഈ ആരോപണം ഉയര്‍ന്നിട്ടുള്ളത്.