ജിഎസ്‍ടി കൌണ്‍സില്‍ നിര്‍ണായക യോഗം ഇന്ന്
|ജിഎസ്ടി സമ്പ്രദായത്തില്‍ ഓഡിറ്റിങ്, സൂക്ഷ്മ പരിശോധന, കണക്ക് കൈകാര്യം ചെയ്യല്‍ തുടങ്ങിയവ സംബന്ധിച്ച് യോഗം അന്തിമ തീരുമാനം എടുക്കും.
ജിഎസ്‍ടി കൌണ്‍സിലിന്റെ രണ്ട് ദിവസത്തെ നിര്‍ണായക യോഗം ഡല്‍ഹിയില്‍ തുടങ്ങി. നികുതി നിരക്കുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കലാണ് പ്രധാന അജണ്ട. ജിഎസ്ടി സമ്പ്രദായത്തില്‍ ഓഡിറ്റിങ്, സൂക്ഷ്മ പരിശോധന, കണക്ക് കൈകാര്യം ചെയ്യല്‍ തുടങ്ങിയവ സംബന്ധിച്ച് യോഗം അന്തിമ തീരുമാനം എടുക്കും.
ജിഎസ്ടി അഥവാ ചരക്ക് സേവന നികുതി നടപ്പിലാക്കി കഴിഞ്ഞാല്‍ ഉല്‍പന്നങ്ങളെ നാല് വിഭാഗമായി തിരിച്ച് നികുതി പിരിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. 6 ശതമാനം, 12 ശതമാനം, 18 ശതമാനം, 26 ശതമാനം എന്നിങ്ങനെയാണ് ഈ നിരക്കുകള്‍. എന്നാല്‍ ഇതുസംബന്ധിച്ചും ഇവ ഓരോന്നിന് കീഴിലും ഉള്‍പ്പെടുത്തേണ്ട ഉല്‍പന്നങ്ങളുടെ കാര്യത്തിലും സംസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായം ബാക്കിയാണ്. കുറഞ്ഞ നികുതി നിരക്ക് നാല് ശതമാനവും കൂടിയ നിരക്ക് 30 ശതമാനവും വേണമെന്നാണ് കേരളത്തിന്റെ നിലപാട്. കൂടിയ നിരക്ക് 26 ശതമാനമായി നിര്‍ത്തുന്നത് കോര്‍പറേറ്റുകള്‍ക്കേ ഗുണം ചെയ്യുള്ളുവെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്തിമധാരണയുണ്ടാക്കലാണ് ഇന്നും നാളെയുമായി നടക്കുന്ന യോഗത്തിന്റെ പ്രധാന ലക്ഷ്യം. ഒപ്പം സേവന നികുതി നിരക്കിന്റെ കാര്യത്തിലും കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ധാരണയില്‍ എത്തിയേക്കും.
ആശുപത്രി, വിദ്യാഭ്യാസം തുടങ്ങിയവ ഒഴികെ എല്ലാ സേവനങ്ങള്‍ക്കും 18 ശതമാനം നികുതി പിരിക്കണമെന്നാണ് കേന്ദ്രത്തിന്റെ അഭിപ്രായം. എന്നാല്‍ ടെലകോം, ഇന്‍ഷൂറന്‍സ് എന്നിവക്ക് 12 ശതമാനമേ ചുമത്താവൂ എന്ന് ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ സംസ്ഥാന ധനമന്ത്രി തോമസ് ഐസകും പങ്കെടുക്കുന്നുണ്ട്.