ബീഫ് വിറ്റെന്ന ആരോപണത്തില്‍ മുസ്‍ലിം വനിതകള്‍ക്ക് ക്രൂര മര്‍ദനം
|രണ്ട് പൊലീസുകാര്‍ സാക്ഷികളായിരുന്നെങ്കിലും അക്രമികളെ തടയാന്‍ ഇവരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും
ബീഫ് വില്‍പ്പന നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് രണ്ട് മുസ്‍ലിം വനികളെ ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്ന സംഘം ക്രൂരമായി മര്‍ദിച്ചു. മധ്യപ്രദേശിലെ മണ്ടാസുര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. രണ്ട് പൊലീസുകാര്‍ സാക്ഷികളായിരുന്നെങ്കിലും അക്രമികളെ തടയാന്‍ ഇവരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും നിസംഗ മനോഭാവമാണ് കൈകൊണ്ടത്. ഇവരിലൊരാള്‍ സംഭവം മൊബൈല്‍ കാമറിയില്‍ ഒപ്പിയെടുക്കുകയും ചെയ്തു.
നിയമവിരുദ്ധമായി അളവില്‍ കൂടുതല്‍ ബീഫ് വില്‍പ്പനക്കായി രണ്ട് മുസ്‍ലിം വനികള്‍ യാത്ര പുറപ്പെട്ടിട്ടുണ്ടെന്ന സൂചനയനുസരിച്ച് ഇവരെ അറസ്റ്റ് ചെയ്യാനാണ് സ്റ്റേഷനിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. വനിതകളെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷമായിരുന്നു ഇവര്‍ക്കു നേരെ ക്രൂര മര്‍ദനം അരങ്ങേറിയത്. ഗോ മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു മര്‍ദനം. ഏതാണ്ട് അര മണിക്കൂറോളം മര്‍ദനം തുടര്‍ന്നു. വനിതകളിലൊരാള്‍ അവശയായി കുഴഞ്ഞു വീണ ശേഷമാണ് പൊലീസ് ഇവരെ സംഭവ സ്ഥലത്തു നിന്നും മാറ്റിയത്. ഇവരില്‍ നിന്നും 30 കിലോ മാംസം പിടിച്ചെടുത്തയായി പൊലീസ് പറഞ്ഞു. എന്നാലിത് ബീഫ് അല്ലെന്ന് പിന്നീട് പരിശോധനയില്‍ വ്യക്തമായി. മാംസ വില്‍പ്പനക്കുള്ള ലൈസന്‍സില്ലാത്തതിനാല്‍ ഇവര്‍ക്കെതിരായ കേസ് നിലനില്‍ക്കുമെന്നാണ് പൊലീസ് നിലപാട്.
വനിതകളെ മര്‍ദിച്ചവര്‍ക്കെതിരെയോ കാഴ്ചക്കാരായി നിന്ന പൊലീസുകാര്‍ക്കെതിരെയോ ഇതുവരെയായും നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടില്ല. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് അറിയിച്ചു.