ആളിയാറില്‍ നിന്നും കേരളത്തിന് ജലം വിട്ടുനല്‍കി തുടങ്ങി
|പൊള്ളാച്ചിയില്‍ ഇന്നു നടന്ന യോഗത്തിലാണ് തീരുമാനം.
ആളിയാറില്‍ നിന്നും തമിഴ്നാട് കേരളത്തിന് ജലം വിട്ടുനല്‍കി തുടങ്ങി. പൊള്ളാച്ചിയില്‍ ഇന്നു നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. കേരളത്തിന്റെയും തമിഴ്നാടിന്റെയും ജല വകുപ്പിലെ ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. സംയുക്ത ജല ക്രമീകരണ യോഗത്തില്‍ തമിഴ്നാട് പങ്കെടുക്കുമെന്നും അറിയിച്ചു. കരാര്‍ പ്രകാരം കേരളത്തിന് വെള്ളം നല്‍കുന്നത് തമിഴ്നാട് നിര്‍ത്തിവെച്ചിരുന്നു.
പറമ്പിക്കുളം ആളിയാര്‍ കരാര്‍ ലംഘിച്ച് കേരളത്തിന് ജലം നല്‍കുന്നത് നിര്‍ത്തിവെച്ച തമിഴ്നാട് നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പൊള്ളാച്ചിയില്‍ ഇന്ന് യോഗം ചേര്‍ന്നത്. സെക്കന്റില്‍ 300 ഘനയടി വെള്ളമാണ് വിട്ടു നല്‍കുന്നത്. സംയുക്ത ജല ക്രമീകരണ യോഗത്തില്‍ തമിഴ്നാട് പങ്കെടുക്കുമെന്നും അറിയിച്ചു. സംയുക്ത ജലക്രമീകരണ യോഗം ചേരാന്‍ കേരളം പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്നാട് സമ്മതിച്ചിരുന്നില്ല. അക്കാര്യമാണ് ഇന്നത്തെ യോഗത്തില്‍ തീരുമാനമായത്. ഈ മാസം 15നും 30നും ഇടയിലാണ് സംയുക്ത ജലക്രമീകരണ യോഗം ചേരുക. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആളിയാറില്‍ നിന്നും കേരളത്തിന് നല്‍കേണ്ട വെള്ളം തമിഴ്നാട് ഏകപക്ഷീയമായി നിര്‍ത്തിവെച്ചത്. കേരളത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന തീരുമാനമായിരുന്നു അത്. അടുത്തു ചേരാനിരിക്കുന്ന സംയുക്ത ജലക്രമീകരണ യോഗത്തില്‍ പറമ്പിക്കുളം ആളിയാര്‍ കരാര്‍ പുനരവലോകനം ചെയ്തേക്കും.