India
ജയലളിതക്ക് ദീര്‍ഘകാലം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ജയലളിതക്ക് ദീര്‍ഘകാലം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
India

ജയലളിതക്ക് ദീര്‍ഘകാലം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

Ubaid
|
13 Nov 2017 5:14 AM GMT

എയിംസില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വെള്ളിയാഴ്ചയും ജയലളിതയെ പരിശോധിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കൂടുതല്‍ നാള്‍ ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍. വിവിധ രോഗങ്ങളില്‍ വിദഗ്ധരായവരുടെ സൂക്ഷ്മനിരീക്ഷണത്തിലാണ് ചികിത്സ തുടരുന്നതെന്നും ജയലളിതയുടെ ആരോഗ്യനിലയില്‍ ക്രമാനുഗതമായ പുരോഗതിയുണ്ടെന്നും ആശുപത്രിയില്‍ നിന്നുള്ള വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ ജയലളിതയുടെ നിലവിലെ ചികിത്സയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ആശുപത്രി അധികൃതര്‍ നല്‍കുന്നു. തീവ്രപരിചരണം, ശ്വാസകോശം, ഹൃദ്രോഗം, അണുബാധ, പ്രമേഹം എന്നീ വിഭാഗങ്ങളിലെ വിദഗ്ധരാണ് ജയലളിതയെ ചികിത്സിക്കുന്നത്. ഉപകരണങ്ങളുടെ സഹായത്തില്‍ തന്നെയാണ് ശ്വാസോച്ഛാസം. ശ്വാസതടസ്സം നീക്കുന്നതിനുള്ള മരുന്നിനൊപ്പം നെബ്യുലൈസേഷനും നല്‍കുന്നു. ആരോഗ്യനിലയില്‍ പടിപടിയായ പുരോഗതിയുണ്ട്. എങ്കിലും കൂടുതല്‍ കാലം ആശുപത്രിയില്‍ തന്നെ തുടരേണ്ടിവരും.

ഡല്‍ഹി എ ഐ ഐ എം എസില്‍ നിന്നുള്ള ജി ഖില്‍നാനി, നികേഷ് നായിക്, അഞ്ജന്‍ ട്രിഖ എന്നീ വിദഗ്ധ ഡോക്ടര്‍മാര്‍ ജയലളിതയുടെ നില വിലയിരുത്തി. വെള്ളിയാഴ്ച കൂടി അവര്‍ ഇവിടെയുണ്ടാകും. കൂടാതെ നേരത്തെ ജയലളിതയെ പരിശോധിച്ച ലണ്ടനില്‍ നിന്നുള്ള ഡോ റിച്ചാര്‍ഡ് ബീല്‍ വ്യാഴാഴ്ച വീണ്ടും പരിശോധിച്ചതായും ആശുപത്രി സ്ഥിരീകരിക്കുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ട്രാഫിക് രാമസ്വാമിയെന്നയാള്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൌള്‍ ഉള്‍പ്പെട്ട ബെഞ്ച് തള്ളിയത്. ഹരജി വ്യക്തിപരമായ പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Similar Posts