India
സിംഗൂരില്‍ സിപിഎമ്മിന് അഭിമാനപോരാട്ടംസിംഗൂരില്‍ സിപിഎമ്മിന് അഭിമാനപോരാട്ടം
India

സിംഗൂരില്‍ സിപിഎമ്മിന് അഭിമാനപോരാട്ടം

admin
|
16 Nov 2017 2:46 PM GMT

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കഴിഞ്ഞ തവണ വന്‍വിജയം സമ്മാനിച്ച സിംഗൂര്‍ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് പിന്തുണയോടെ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കഴിഞ്ഞ തവണ വന്‍വിജയം സമ്മാനിച്ച സിംഗൂര്‍ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് പിന്തുണയോടെ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ഇതിനായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പുമായ രബിന്‍ദേബിനെയാണ് സ്ഥാനാര്‍ത്ഥിയായി സിപിഎം നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ അനുസരിച്ച് മണ്ഡലം ഉറപ്പായും പിടിച്ചെടുക്കാനാവുമെന്ന പ്രതീക്ഷയാണ് രബിന്‍ദേബിനും സഹപ്രവര്‍ത്തകര്‍ക്കുമുള്ളത്.

2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രബീന്ദ്രനാഥ് ഭട്ടാചാര്യയെ 33000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിംഗൂരിലെ ജനങ്ങള്‍ നിയമസഭയിലേയ്ക്ക് അയച്ചത്. അന്ന് കോണ്‍ഗ്രസ് തൃണമൂലിനൊപ്പമായിരുന്നു. പിന്നീട് കോണ്‍ഗ്രസ് ആ ബന്ധം വിട്ട ശേഷം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 12000 ആയി കുറഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിയ്ക്കുമ്പോള്‍ കണക്കുകളുടെ ഈ പിന്തുണ കൊണ്ട് മാത്രം സിംഗൂരില്‍ ജയിക്കാനാവുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. നാനോ കാര്‍ ഫാക്ടറിയുടെ പേരില്‍ സംസ്ഥാനത്താകെ സിപിഎം വിരുദ്ധ വികാരം പടര്‍ത്താന്‍ ഇടയാക്കിയ സിംഗൂര്‍ പിടിക്കുകയെന്നത് സിപിഎമ്മിന് അഭിമാന പ്രശ്നവുമാണ്.

നേരത്തെ പൂട്ടിയിട്ടിരുന്ന പാര്‍ട്ടി ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാവുന്ന സാഹചര്യം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സിംഗൂരില്‍ ഉണ്ടായിട്ടുണ്ട്. കാര്‍ ഫാക്ടറിയുടെ കാര്യത്തില്‍ മമതാ ബാനര്‍ജി സിംഗൂരിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന പ്രചാരണമാണ് സിപിഎം പ്രധാനമായും നടത്തുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം സ്ഥാനാര്‍ത്ഥിക്കൊപ്പം സജീവമായി പ്രചാരണ രംഗത്തുണ്ട്. നാനോ ഫാക്ടറി വിഷയം പ്രചാരണ വിഷയമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി നാനോ കാര്‍ ഓടിച്ചാണ് രബിന്‍ദേബ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.

Similar Posts