ഗീതാ ഗോപിനാഥിന്റെ നിയമനം: സിപിഎം പിബിയില്‍ എതിര്‍പ്പ്
|നവ ഉദാരവത്കരണ നയത്തിന്റെ വക്താവായ ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച വിഷയത്തില്‍ സിപിഎം പിബിയില്‍ എതിര്‍പ്പ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായുള്ള ഗീതാഗോപിനാഥിന്റെ നിയമനം റദ്ദാക്കാന്‍ സി.പി.എം പൊളിറ്റ് ബ്യൂറോ ഇടപെടില്ല. നിയമനത്തില്‍ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ശക്തമായ എതിര്‍പ്പുണ്ടായെങ്കിലും സര്‍ക്കാര്‍ നിയമനത്തില്‍ ഇടപെടേണ്ടെന്നും ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കട്ടെയെന്നുമാണ് തീരുമാനിച്ചത്. ജമ്മു കശ്മീരില്‍ അനധികൃത നുഴഞ്ഞുകയറ്റം ജനങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തിന് ന്യായീകരണമല്ലെന്ന് വിലയിരുത്തിയ പൊളിറ്റ് ബ്യൂറോ അഫ്സ്പ അതിര്‍ത്തി മേഖലയില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
കശ്മീര്‍ വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കാനോ ജനങ്ങളുമായി ചര്‍ച്ച നടത്താനോ തയ്യാറാവുന്നില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം കുറ്റപ്പെടുത്തി. നിലനില്‍ക്കുന്ന എല്ലാ പ്രശ്നങ്ങളിന്മേലും ഇന്ത്യാ - പാക് ചര്‍ച്ച ഉടന്‍ പുനരാരംഭിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. കൊല്‍ക്കത്ത പ്ലീനത്തിലെ തീരുമാനങ്ങള്‍ ഇതുവരെ നടപ്പാക്കാത്ത സംസ്ഥാനങ്ങളിലും പാര്‍ട്ടി സെന്റര്‍, പി.ബി, കേന്ദ്രക്കമ്മിറ്റി എന്നീ ഘടകങ്ങളിലും എത്രയും വേഗം നടപ്പാക്കും. സെപ്തംബര്‍ 17 മുതല്‍ 19 വരെ ചേരുന്ന കേന്ദ്രക്കമ്മിറ്റി ഇതിന്റെ തുടര്‍ നടപടികള്‍ പരിശോധിക്കും. വി.എസ് അച്യുതാനന്ദനെതിരായ പാര്‍ട്ടി നടപടി പരിശോധിയ്ക്കുന്നതിനുള്ള പി.ബി.കമ്മീഷന്‍ എത്രയും വേഗം യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ച വിഷയവും കേന്ദ്രക്കമ്മിറ്റി ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ കേന്ദ്ര നേതാക്കള്‍ക്കുള്ള അതൃപ്തി പൊളിറ്റ് ബ്യൂറോ യോഗത്തില്‍ അറിയിച്ചു. അന്താരാഷ്ട്ര സാമ്പത്തിക മേഖലയുമായി സംസ്ഥാനത്തിന് ബന്ധപ്പെടാന്‍ സഹായകമാവാനാണ് ഗീത ഗോപിനാഥിനെ നിയമിച്ചതെന്നും പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ അറിവോടെയാണ് നിയമനമെന്നും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വിശദീകരിച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടേണ്ടതില്ലെന്നും ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണമെന്നുമാണ് പി.ബി തീരുമാനിച്ചത്. നവ ഉദാരവത്കരണ നയങ്ങളെ തള്ളി വിവാദങ്ങളില്‍ ജാഗ്രത പുലര്‍ത്തിക്കൊണ്ടുള്ള സമീപനം സര്‍ക്കാരില്‍ നിന്നുണ്ടാവണമെന്നാണ് പൊതുവില്‍ പി.ബിയിലുണ്ടായ ധാരണ.