ജവഹര്‍ലാല്‍ നെഹ്റുവിനെ വാനോളം പുകഴ്ത്തി വരുണ്‍ ഗാന്ധി
|ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ വാനോളം പുകഴ്ത്തി ബിജെപി എംപിയും പൌത്രനുമായ വരുണ്‍ ഗാന്ധി.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ വാനോളം പുകഴ്ത്തി ബിജെപി എംപിയും പൌത്രനുമായ വരുണ്‍ ഗാന്ധി. രാജ്യത്തിന് വേണ്ടി നെഹ്റു ത്യജിച്ച അദ്ദേഹത്തിന്റെ ജീവിതം ഇന്ത്യയുടെ യുവജനത മനസിലാക്കണമെന്ന് വരുണ്‍ പറഞ്ഞു. നെഹ്റുവിനെയും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമരത്തിലെ സംഭാവനകളെയും ബിജെപി നേതാക്കള്‍ പരിഹസിക്കാനും ഇകഴ്ത്താനും ശ്രമിക്കുന്നതിനിടെയാണ് വരുണിന്റെ പ്രസ്താവന. ലക്നോവില്‍ നടന്ന ഒരു യോഗത്തിലായിരുന്നു വരുണ്‍ നെഹ്റുവിനെ പുകഴ്ത്തിയത്.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി അധികാരമേറ്റ നെഹ്റു രാജാവിനെ പോലെ ആര്‍ഭാട ജീവിതമാണ് നയിച്ചതെന്നാണ് ചിലരുടെ ധാരണ. എന്നാല്‍ അവര്‍ക്ക് അറിയാത്ത ചില കാര്യങ്ങളുണ്ട്, പതിനഞ്ചര വര്‍ഷം ജയില്‍വാസം അനുഭവിച്ചാണ് അദ്ദേഹം പ്രധാനമന്ത്രി പദം വരെ എത്തിയത് എന്നുകൂടി അത്തരക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും വരുണ്‍ പറഞ്ഞു. ഇന്ന് ആരെങ്കിലും എന്നോട്, 'നിങ്ങള്‍ ജയിലില്‍ കിടക്കൂ, 15 വര്‍ഷം കഴിഞ്ഞ് നിങ്ങളെ പ്രധാനമന്ത്രിയാക്കാം എന്ന് പറഞ്ഞാല്‍ ക്ഷമിക്കണം അത് ക്ലേശകരമായിരിക്കും എന്നായിരിക്കും തന്റെ മറുപടിയെന്ന് വരുണ്‍ പറഞ്ഞു. നിലവില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനു നേരെയുള്ള ഭീഷണി സംബന്ധിച്ചും തന്റെ ആശങ്ക കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ മകന് കൂടിയായ വരുണ്‍ ഗാന്ധി പങ്കുവെച്ചു. തന്റെ പേരിനൊപ്പം ഗാന്ധി എന്നതു കൂടി ചേര്‍ന്നുവരുന്നതുകൊണ്ടാണ് തനിക്ക് രാഷ്ട്രീയത്തില്‍ മുന്നേറാന്‍ കഴിഞ്ഞത്. തന്റെ പേര് ഫിറോസ് വരുണ്‍ ഗാന്ധിയെന്നാണ്. ഇതേസമയം, തന്റെ ഫിറോസ് വരുണ്‍ അഹമ്മദ് എന്നോ തിവാരിയെന്നോ സിങ് എന്നോ പ്രസാദെന്നോ ആയിരുന്നെങ്കില്‍ നിങ്ങളെ പോലെ തനിക്കും ഒരു കേള്വിക്കാരന് ആകാനെ കഴിയുമായിരുന്നുള്ളുവെന്നും വരുണ്‍ പറഞ്ഞു.