ബംഗാള്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു
|പശ്ചിമ ബംഗാളില്‍ ആറ് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ ആകെ 83 ശതമാനത്തോളം പൊളിങാണ് രേഖപ്പെടുത്തിയത്
പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. 25 മണ്ഡലങ്ങളില്‍ നടന്ന അവസാനഘട്ട തെരഞ്ഞെടുപ്പില്‍ 80.2 ശതമാനം പൊളിങ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളില്‍ ആറ് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ ആകെ 83 ശതമാനത്തോളം പൊളിങാണ് രേഖപ്പെടുത്തിയത്. അവസാനഘട്ട വോട്ടെടുപ്പില്‍ മുര്‍ഷിദാബാദിലുണ്ടായ സംഘര്‍ഷത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുര്‍ഷിദാബാദ് ജില്ലാസെക്രട്ടറി സുബീര്‍ സര്‍ക്കാരിന് വെടിയേറ്റു.
ആറ് ഘട്ടങ്ങളിലായിരുന്നു പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്നത്. എല്ലാ ഘട്ടങ്ങളിലും 80 ശതമാനത്തിന് മുകളിലായിരുന്നു പൊളിങ് രേഖപ്പെടുത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വ്യാപക അക്രമം നടന്ന തെരഞ്ഞെടുപ്പില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചാണ് പല മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പിനെ നേരിട്ടത്. 34 വര്‍ഷം ഇടതുപക്ഷം ഭരിച്ച ബംഗാള്‍ നന്ദിഗ്രാമില്‍ നടന്ന ഭൂമിയേറ്റെടുക്കല്‍ പ്രക്ഷോഭത്തെ തുടര്‍ന്നാണ് തൃണമൂല്‍ പിടിച്ചെടുത്തത്.
പശ്ചിമ ബംഗാളില്‍ 294 നിയമസഭ മണ്ഡലങ്ങളാണുള്ളത്. 2001 ല്‍ 184 സീറ്റുകള്‍ നേടിയായിരുന്നു തൃണമൂല്‍ അധികാരത്തിലേറിയത്. ഇടതുപക്ഷം 62 ഉം കോണ്‍ഗ്രസ് 42 ഉം സീറ്റുകളാണ് നേടിയിരുന്നത്. 2014 ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ 214 മണ്ഡലങ്ങളിലാണ് തൃണമൂല്‍ ഭൂരിപക്ഷം നേടിയത്. ഇടതുപക്ഷവും കോണ്‍ഗ്രസും 24 വീതം സീറ്റുകളിലായിരുന്നു ഭൂരിപക്ഷം. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ നീക്ക്പോക്ക് ഗുണം ചെയ്യുമെന്നാണ് സിപിഎം കരുതുന്നത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കൂട്ടിചേര്‍ത്ത ഗ്രാമങ്ങളിലുള്ളവര്‍ക്ക് ഇത്തവണ വോട്ടവകാശം ലഭിച്ചിരുന്നു.