ഉത്തര്‍പ്രദേശിലെ മാംസ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്
|യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം അനധികൃത അറവുശാലകള്‍ക്കെതിരെ നടക്കുന്ന നടപടികളുടെ മറവില്‍ അറവുശാലകള്‍ക്കെതിരെ ബോധപൂര്‍വ്വമായ വേട്ടയാടല്‍ നടക്കുന്നതായുള്ള പരാതി വ്യാപകമാകുന്നതിനിടെയാണ്...
ഉത്തര്‍ പ്രദേശിലെ അറവ് ശാലകള്‍ പൂട്ടാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇറച്ചി കച്ചവടക്കാരുടെ കടകളടച്ചുള്ള അനിശ്ചിതകാല സമരം തുടരുകയാണ്. മത്സ്യക്കച്ചവടക്കാരും സമരത്തിന്റെ ഭാഗമാകുന്നുണ്ട്.
യോഗി ആദിത്യനാഥ് മുഥ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കകം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാംസക്കച്ചവടം നിരോധിക്കുകയും ഇറച്ചിക്കടകള്‍ തീവക്കുകയും ചെയ്തോടെയാണ് പ്രതിഷേധം ശക്തമായത്. വിവാഹ സര്‍ക്കാരങ്ങളിലും വിവിധ ആഘോഷങ്ങളിലും മാട്ടിറച്ചി വിളന്പുന്നതിനും വിലക്കേര്‍പ്പെടുത്തിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.സംസ്ഥാനത്ത് മാട്ടിറച്ചി നിരോധിച്ചതോടെ കച്ചവടക്കാര്‍ കച്ചവടം ആട്ടിറച്ചിയിലേക്കും കോഴിയിറച്ചിയിലേക്കും മാറ്റിയിരുന്നു എങ്കിലും ചിലവേറുകയും ആവശ്യക്കാര്‍ കുറയുകയും ചെയ്തു എന്നാണ് കച്ചവടക്കാരുടെ പ്രതികരണം .
തല്‍ സ്ഥിതി തുടര്‍ന്നാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകും. യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ സന്പൂര്‍ണ മാംസനിരോധനത്തിനൊപ്പം മീന്‍ വില്‍പനയും നിരോധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുപിയില്‍ നടപ്പാക്കുന്നത് കോടതി ഉത്തരവാണെന്നും അനധികൃത അറവുശാലകള്‍ മാത്രമാണ് അടച്ചതെന്നുമാണ് സര്‍ക്കാര്‍ പ്രതികരണം.അനധികൃത അറവുശാലകള്‍ പൂട്ടുമെന്നത് ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.