കശ്‍മീരില്‍ സംഘര്‍ഷം; മരണസംഖ്യ എട്ടായി
|കശ്മീരില്‍ സംഘര്‍ഷത്തില്‍ ഇതുവരെ 8 പേര്‍ കൊല്ലപ്പെട്ടതായി ജമ്മു കശ്മീര്‍ പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കശ്മീരില്‍ സംഘര്‍ഷത്തില്‍ ഇതുവരെ 8 പേര്‍ കൊല്ലപ്പെട്ടതായി ജമ്മു കശ്മീര്‍ പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുള്ള സംഘര്‍ഷം കണക്കിലെടുത്ത് കശ്മീര്‍ വഴിയുള്ള അമര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തീര്‍ത്ഥാടകര്‍ ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ ബേസ് ക്യാമ്പുകളില്‍ കഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ മുസാഫര്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് താഴ് വരയിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 8 പേര്‍ കൊല്ലപ്പെട്ടതായി ജമ്മു കശ്മീര്‍ എഡിജിപി എസ്എം സഹായ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഘര്‍ഷം തടയാനുള്ള ശ്രമങ്ങള്‍ക്കിടെ 96 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും എഡിജിപി പറഞ്ഞു. തെക്കന്‍ കശ്മീരിലും അനന്ത് നാഗ് ജില്ലയിലുമാണ് കൂടുതല്‍ അക്രമ സംഭവങ്ങളുണ്ടായത്. ഈ സാഹചര്യത്തില്‍ കശ്മീര്‍ വഴിയുള്ള അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചതായും പൊലീസ് അറിയിച്ചു. താഴ് വരയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമേ യാത്ര പുനരാരംഭിയ്ക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ. അതുവരെ പഹല്‍ഗാം, ബാല്‍താല്‍ എന്നിവിടങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള ബേസ് ക്യാമ്പുകളില്‍ കഴിയാനാണ് തീര്‍ത്ഥാടകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൊബൈല്‍ - ഇന്റര്‍നെറ്റ് സേവനങ്ങളും മുന്‍ കരുതല്‍ നടപടിയെന്നോണം വിലക്കിയിട്ടുണ്ട്. ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ നിരവധി സംഘടനകള്‍ താഴ് വരയില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. കൊല്ലപ്പെട്ട ഹിസ്ബുള്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ മൃതദേഹം സ്വദേശമായ തെക്കന്‍ ശ്രീനഗറിലെ ട്രാലില്‍ ഖബറടക്കി. സംസ്കാരച്ചടങ്ങില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.