ആംനസ്റ്റി ഇന്ത്യക്കെതിരായ രാജ്യദ്രോഹക്കേസിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതൃത്വം
|ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വവും വ്യക്തമാക്കി.
ആംനസ്റ്റി ഇന്ത്യക്കെതിരായ രാജ്യദ്രോഹക്കേസിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം. നിയമാനുസൃതമായാണ് കര്‍ണാടക പൊലീസ് നടപടി സ്വീകരിച്ചതെന്നും, അന്വേഷണം തുടരുമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്‍റെ പ്രതികരണം. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വവും വ്യക്തമാക്കി.
ബാംഗ്ലൂരില്‍ ആംനെസ്റ്റി ഇന്ത്യ കശ്മീര്‍ വിഷയത്തില്‍ നടത്തിയ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ തണുപ്പന്‍ പ്രതികരണവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. നിയമാനൃതമായാണ് കര്‍ണ്ണാടക പൊലീസ് പ്രവര്‍ത്തിച്ചത്. ബാക്കി കാര്യങ്ങള്‍ അന്വേഷണത്തില്‍ തെളിയുമെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു.
സമാനസാഹചര്യത്തില്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കേസെടുത്തപ്പോള്‍ കേന്ദ്ര സര്ക്കാരിനെതിരെ കോണ്‍ഗ്രസ് നിലകൊണ്ടത് എന്ത് കൊണ്ടാണ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ജയ്റാം രമേശിനായില്ല. വിഷയത്തില്‍ കോണ്ഗ്രസിന്‍റെ സമാന നിലപാടാണ് ബിജെപി ദേശീയ നേതൃത്വവും പ്രകടിപ്പിച്ചത്. ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയത് അംഗീകരിക്കാനാകില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ് എന്നുമാണ് ബിജെപി ദേശീയ വക്താവ് സിദ്ധാര്‍ത്ഥ് നാഥ് സിംഗ് വ്യക്തമാക്കി.