പ്രിയങ്കയുടെ നേതൃത്വത്തില്‍ യുപി തെരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസ് നീക്കം
|രാഹുല്‍ ഗാന്ധിയെക്കൊണ്ട് ഒരു ഗുണവുമില്ലെന്ന് കോണ്‍ഗ്രസ് അംഗീകരിച്ചതിന്റെ തെളിവാണിതെന്ന് ബിജെപി പ്രതികരിച്ചു
മന്ത്രിസഭാ പുനഃസംഘടനയിലൂടെ ഉത്തര്‍ പ്രദേശിനെ സ്വാധീനിക്കാനുള്ള ബിജെപി ശ്രമത്തിനിടെ പ്രിയങ്കയെ നേതാവാക്കി ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു. പ്രിയങ്കയ്ക്ക് ഉത്തര്‍ പ്രദേശിന്റെ ചുമതല നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം അടുത്തു തന്നെ ഉണ്ടാവുമെന്നാണ് അറിയുന്നത്. രാഹുല്‍ ഗാന്ധിയെക്കൊണ്ട് ഒരു ഗുണവുമില്ലെന്ന് കോണ്‍ഗ്രസ് അംഗീകരിച്ചതിന്റെ തെളിവാണിതെന്ന് ബിജെപി പ്രതികരിച്ചു.
ഉത്തര്‍പ്രദേശിന് വലിയ പ്രാതിനിധ്യം നല്‍കിയുള്ള മന്ത്രിസഭാ പുനഃസംഘടനയിലൂടെ സംസ്ഥാനത്തെ സ്വാധീനിയ്ക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനും ബി.ജെ.പി ശ്രമിയ്ക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ ചുമതല പ്രിയങ്കയ്ക്ക് നല്കി ഉത്തര്‍ പ്രദേശില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ പങ്കെടുപ്പിച്ച് കോണ്‍ഗ്രസ് നടത്തിയ ഒരു നേതൃത്വ ശില്പശാലയില് നേരത്തെ ഇതിനുള്ള നിര്‍ദേശം ഉയര്‍ന്നു വന്നിരുന്നു. പ്രശാന്ത് കിഷോര്‍ തന്നെയാണ് കോണ്‍ഗ്രസിന് ഉത്തര്‍ പ്രദേശില്‍ മുന്നേറ്റമുണ്ടാക്കാനുള്ള മാര്‍ഗമായി നിര്‍ദേശം മുന്നില്‍ വെച്ചത്. രാഹുല്‍ ഗാന്ധിയെക്കൊണ്ട് ഒരു കാര്യവുമില്ലെന്ന് കോണ്‍ഗ്രസ് അംഗീകരിച്ചതിന്റെ തെളിവാണ് പുതിയ നീക്കമെന്ന് വാര്‍ത്തകളോട് പ്രതികരിയ്ക്കവെ ബിജെപി നേതൃത്വം പരിഹസിച്ചു.
പ്രിയങ്ക നേതൃ സ്ഥാനത്ത് വരാനുള്ള സാദ്ധ്യതകള്‍ മുന്‍കൂട്ടി കണ്ട് റോബര്‍ട്ട് വദ്രയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ബിജെപി നേരത്തെ തന്നെ തുടക്കമിട്ടിരുന്നു. നേതൃമാറ്റം കൊണ്ട് ഒരു ഗുണവുമുണ്ടാവില്ലെന്നും കോണ്‍ഗ്രസിന് സംസ്ഥാനത്ത് നഷ്ടപ്പെട്ട അടിത്തറ തിരിച്ചു പിടിയ്ക്കാനാവില്ലെന്നുമാണ് സമാജ് വാദി പാര്‍ട്ടിയുടെ പ്രതികരണം.