മോദി സര്‍ക്കാര്‍ ദലിതര്‍ക്കായി ഒന്നും ചെയ്തില്ലെന്ന് മായാവതി
|ദലിതരുടെ വോട്ട് നേടാനായി ബിജെപിയും കോണ്‍ഗ്രസും ബി ആര് അംബേദ്കറുടെ പേര് ഉപയോഗിക്കുകയാണെന്ന് മായാവതി
മോദി സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദലിതര്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കുമായി വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് മോദി ചെയ്യുന്നത്. ദലിതരുടെ വോട്ട് നേടാനായി ബിജെപിയും കോണ്‍ഗ്രസും ബി ആര് അംബേദ്കറുടെ പേര് ഉപയോഗിക്കുകയാണെന്നും മായാവതി കുറ്റപ്പെടുത്തി. അംബേദ്കറുടെ 125ാം ജന്മവാര്ഷികത്തില് സംസാരിക്കുകയായിരുന്നു മായാവതി.
ബിജെപി പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഒരാളെ പ്രധാനമന്ത്രി ആക്കിയാലും ആ വ്യക്തിക്ക് ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. മോദി തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. താന്‍ ഒബിസി വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് അദ്ദേഹം ഇടയ്ക്കിടെ പറയാറുണ്ട്. എന്നാല്‍ ആ വിഭാഗത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. യുപിയില്‍ ഒബിസി വിഭാഗത്തില്‍പ്പെട്ട കല്യാണ്‍ സിംഗിനെ ബിജെപി പ്രധാനമന്ത്രിയാക്കി. പക്ഷേ അയോധ്യ ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട ആര്‍എസ്എസ് അജണ്ട നടപ്പാക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും മായാവതി കുറ്റപ്പെടുത്തി.
അലിഗര്‍, ജാമിയ മിലിയ തുടങ്ങിയ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി എടുത്തുകളയാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഭരണ പരാജയം മറച്ചുവെയ്ക്കാന്‍ ബീഫ് നിരോധം, ഭാരത് മാതാ കീ ജയ് വിളിക്കല് തുടങ്ങിയ വിവാദങ്ങള്‍ സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണെന്നും മായാവതി വിമര്‍ശിച്ചു.