India
നോട്ട് അസാധുവാക്കല്‍: വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കുംനോട്ട് അസാധുവാക്കല്‍: വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
India

നോട്ട് അസാധുവാക്കല്‍: വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Khasida
|
19 Dec 2017 8:32 PM GMT

തീരുമാനത്തിന്റെ ഭരണഘടന സാധുത പരിശോധിക്കും

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയും തീരുമാനത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തും നല്‍കിയ ഹര്‍ജികളാണ് ഇവയില്‍ പ്രധാനം. സഹകരണ മേഖലക്ക് ഇളവ് ആവശ്യപ്പെട്ട് കേരളം നല്‍കിയ ഹര്‍ജിയും നോട്ട് അസാധുവാക്കലിനെതിരായ കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്ര ആവശ്യവും സുപ്രീം കോടതി ഇന്ന് പരിശോധിക്കും.

നോട്ട് അസാധുവാക്കലിനെതിരെ നാല് പൊതുതാല്‍പര്യ ഹരജികളാണ് സുപ്രീം കോടതിക്ക് മുമ്പിലുള്ളത്. വേണ്ടത്ര മുന്നൊരുക്കം നടത്താതെയുള്ള തീരുമാനം ജനങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കിയെന്ന് ചൂണ്ടിക്കാട്ടുന്ന ഹര്‍ജികള്‍ ഇതു സംബന്ധിച്ച റിസ്സര്‍വ്വ് ബാങ്ക് ഉത്തരവിന്റെ ഭരണ ഘടനാ സാധുത പരിശോധിക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിശോധിക്കാമെന്നും ആവശ്യമെങ്കില്‍ കേസ് ഭരണഘടനാബഞ്ചിന് വിടാമെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ഹര്‍ജികളിലൊന്നില്‍ സിപിഎമ്മും കക്ഷി ചേര്‍ന്നിട്ടുണ്ട്.

സഹകരണ സ്ഥാപനങ്ങളിലും ബാങ്കുകളിലും പഴയ നോട്ട് ഉപയോഗിക്കാനും ക്രയവിക്രയം നടത്താനും ഇളവ് വേണമെന്ന് ആവശ്യത്തില്‍ കേരളത്തിന് പുറമെ തമിഴ്‍നാടും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ സഹകരണമേഖലക്ക് കനത്ത തിരിച്ചടിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. നോട്ട് അസാധുവാക്കലിനെതിരായി വിവിധ ഹൈക്കോടതികളില്‍ ആകെ 15 ഓളം കേസുകള്‍ നിലവിലുണ്ട്. ഇവയെല്ലാം സുപ്രീംകോടതിയിലേക്കോ, ഏതെങ്കിലും ഒരു ഹൈക്കോടതിയിലേക്കോ മാറ്റണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഹര്‍ജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

Similar Posts