India
അലിഗഡില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ട പലായനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്അലിഗഡില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ട പലായനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
India

അലിഗഡില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ട പലായനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

Jaisy
|
21 Dec 2017 9:17 PM GMT

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംഘപരിവാര്‍ ശക്തികളുടെ ബോധപൂര്‍വ്വമായ നീക്കങ്ങളെ പരിപോഷിപ്പിക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്

ഹിന്ദു-മുസ്ലിം സംഘര്‍ഷം രൂക്ഷമായ അലിഗഡില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ട പലായനത്തിനൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഒരു വിഭാഗം മാധ്യമങ്ങളില്‍ സജീവമാകുന്നു. നവവധുവും 19 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ നാല് മുസ്ലിം യുവാക്കള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വര്‍ഗീയ ധ്രുവീരകരണം സാധ്യമാക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമത്തിന് ആക്കം കൂട്ടുന്നതാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍. കൈരാനയില്‍ നിന്നും ഹിന്ദു കുടുംബങ്ങള്‍ പാലായനം ചെയ്യാന്‍ ശ്രമിച്ചതായുള്ള റിപ്പോര്‍ട്ടുകളുണ്ടാക്കിയ പ്രഭാവം കെട്ടടങ്ങുന്നതിന് മുമ്പാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ആഴ്ച ബാബറി മന്ദിയിലാണ് സംഭവം നടന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ ചിലര്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ആരോപണം. അക്രമികള്‍ പെണ്‍കുട്ടിയുടെ സാരിയില്‍ പിടിച്ചുവലിക്കുകയും കഴുത്തില്‍ പിടിമുറുക്കുകയും ചെയ്തു. തടയാന്‍ ചെന്ന ഭര്‍ത്താവിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയും പിന്നീട് അതൊരു സംഘര്‍ഷമായി മാറുകയും ചെയ്തു. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ 27 ഹിന്ദു കുടുംബങ്ങള്‍ നാട് വിടാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലും കലക്‌ട്രേറ്റിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് വഴിനടക്കാന്‍ സാഹചര്യമുണ്ടാകുന്നതു വരെ സമരം തുടരുമെന്ന് ശകുന്തള ഭാരതി വ്യക്തമാക്കി.

ഷാമ്ലി ജില്ലയിലെ കൈരാനയില്‍ നിന്നും ചില ഹിന്ദു കുടുംബങ്ങള്‍ കഴിഞ്ഞ മാസം പലായനം ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിലരുടെ ഭീഷണിയെതുടര്‍ന്നാണ് പലായനമെന്ന് ബിജെപി എംപി ഹുക്കും സിംഗ് അവകാശപ്പെട്ടിരുന്നു. . 346 കുടുംബങ്ങള്‍ ഇത്തരത്തില്‍ നഗരം വിടാന്‍ നിര്‍ബന്ധിതരായെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ 188 കുടുംബങ്ങള്‍ അഞ്ച് വര്‍ഷം മുന്‍പ് നഗരം വിട്ടതാണെന്നാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തെളിഞ്ഞത്. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് 60 കുടുംബങ്ങള്‍ കൈരാനയില്‍ നിന്നും പലായനം ചെയ്തത്. കൈരാനയിലെ 45 മുസ്ലിം നിവാസികള്‍ നഗരം വിട്ടതിന്റെ കണക്കുകളും പ്രദേശവാസികള്‍ ജില്ലാ മജിസ്ട്രേറ്റിന് സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 145 മുസ്ലിം കുടുംബങ്ങളും കൈരാനയില്‍ നിന്നും പലായനം ചെയ്തിട്ടുണ്ട്. കൈരാന സംഭവത്തിന് വര്‍ഗീയതയുടെ നിറം കൊടുക്കരുതെന്നായിരുന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചത്.

Similar Posts