ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കം: മരിച്ചവരുടെ എണ്ണം 320 ആയി
|ബിഹാറില്‍ 37 ലക്ഷം ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതം വിതച്ച് വെള്ളപ്പൊക്കം തുടരുന്നു. ബിഹാറില്‍ 37 ലക്ഷം ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു.
മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെ ഇവിടെ മരണസംഖ്യ 156 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി മരണസംഖ്യ 320 കവിഞ്ഞു.
ബീഹാര്‍, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം തുടരുന്നത്. ഏഴ് നദികള്‍ കരകവിഞ്ഞതോടെ ബീഹാറില്‍ 37 ലക്ഷം ജനങ്ങള്‍ ദുരിതത്തിലാണ്. 12 ജില്ലകളില്‍ അറുന്നൂറോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ അഞ്ചര ലക്ഷം പേര്‍ കഴിയുന്നുണ്ട്. 2821 ബോട്ടുകളാണിവിടെ രക്ഷാപ്രവര്‍ത്തനത്തിലുള്ളത്. 383 മെഡിക്കല്‍ സംഘവുണ്ട്.
ബീഹാര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം ദുരിതം വരും ദിവസങ്ങളില്‍ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. രാജ്യത്തൊട്ടാകെ 326 പേരുടെ ജീവന്‍ കവര്‍ന്ന വെള്ളപ്പൊക്കത്തില്‍ 1600ഓളം പേര്‍ക്ക് പരിക്കേറ്റു. കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട് ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍.