പാനമ പട്ടികയില്‍ കേരളത്തില്‍ നിന്ന് 10 പേര്
|ഇന്നലെ രാത്രിയാണ് 2000 ഇന്ത്യക്കാരുടെ വിവരങ്ങളടക്കം പാനമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച
ലോകത്തെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപങ്ങൾ വെളിപ്പെടുത്തിയ പാനമ രേഖകൾ പുറത്ത് വിട്ട കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ കേരള വിലാസത്തിലുള്ള 10 ആളുകളും. ഇന്നലെ രാത്രിയാണ് 2000 ഇന്ത്യക്കാരുടെ വിവരങ്ങളടക്കം പാനമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്. ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റാണ് രേഖകൾ പരസ്യപ്പെടുത്തിയിരിക്കുന്നത്.
രണ്ട് ലക്ഷത്തി പതിനാലായിരം അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങളാണ് വെബ്സൈറ്റിലൂടെ പാനമ പുറത്ത് വിട്ടത്. 828 വിലാസങ്ങളിലായി രണ്ടായിരം ഇന്ത്യക്കാരുടെ വിലാസമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കേരളം എന്ന് രേഖപ്പെടുത്തിയ 10 വിലാസങ്ങളാണുള്ളത്. എന്നാല്‍ ഇതില്‍ ഒന്ന് തമിഴ്നാട്ടിലെ കന്പാര്‍ ജില്ലയിലാണ് വരുന്നത്. മറ്റ് 9 വിലാസങ്ങളില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ രണ്ട് വീതവും കോഴിക്കോട്, കൊല്ലം, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ ഓരോ വിലാസവുമാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ 2 വിലാസങ്ങളും ഒരേ വീട്ടില്‍ തന്നെയാണ്.
42 ഇടനിലക്കാരുടെ പേരുകളും പരസ്യപ്പെടുത്തിയിട്ടുണ്ട്. ഒന്നരക്കോടിയോളം വരുന്ന രേഖകളുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 1977 മുതല്‍ 2015 വരെയുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യൻ ചലച്ചത്ര താരങ്ങളായ അമിതാബ് ബച്ചൻ, ഐശ്വര്യ റായ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ എന്നിങ്ങനെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുടെ പേരുകൾ പനാമ പേപ്പര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു.