'ബാങ്കില്‍ നിന്നും നോട്ട് മാറ്റിവാങ്ങുന്നവരുടെ വിരലില്‍ മഷി പുരട്ടും'
|പഴയ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നിട്ട് ദിവസങ്ങളായി.
പഴയ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നിട്ട് ദിവസങ്ങളായി. ചെറിയ ബുദ്ധിമുട്ടുകളുണ്ടാകുമെങ്കിലും രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം ആകുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്. എന്നാല്‍ ഒരാഴ്ച പിന്നിടുമ്പോള്‍ പ്രശ്നം കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ സഹകരിക്കണമെന്നും കുറച്ച് ക്ഷമ കാണിക്കണമെന്നുമൊക്കെ കേന്ദ്രം അഭ്യര്‍ഥിച്ചു. കഴിഞ്ഞദിവസം വരെ എടിഎമ്മില്‍ നിന്നു ദിവസം 2000 രൂപയും ബാങ്കില്‍ നിന്ന് 4000 രൂപയുമാണ് ഒരാള്‍ക്ക് പിന്‍വലിക്കാനും മാറ്റിയെടുക്കാനും കഴിഞ്ഞിരുന്നത്. ഇത് 2500 രൂപയും 4500 രൂപമായി ഉയര്‍ത്തിയെങ്കിലും പ്രശ്നങ്ങള്‍ക്ക് ലഘു പരിഹാരം പോലുമായിട്ടില്ല.
മിക്ക എടിഎമ്മുകളും കാലിയാണ്. ബാങ്കുകളിലാണെങ്കില്‍ മണിക്കൂറുകള്‍ നീളുന്ന ക്യൂവും. ഇതിനൊക്കെ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി കണ്ടെത്തിയ കാരണങ്ങളാണ് വിചിത്രം. കൂടെ ഇതിനുള്ള പരിഹാരമായി അദ്ദേഹം നിര്‍ദേശിച്ചതാണെങ്കില്‍ അതിലേറെ വിചിത്രവും. ഒരു തവണ ബാങ്കില്‍ നിന്നും പഴയ നോട്ട് മാറ്റി വാങ്ങുന്നവരുടെ വിരലില്‍ മഷി പുരട്ടാനാണ് ഇനിയുള്ള തീരുമാനം. ഒരു തവണ പണം മാറ്റിയവര്‍ വീണ്ടുമെത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു, ഇവരാണ് നീണ്ട ക്യൂവിന് കാരണക്കാര്‍ എന്നൊക്കെയാണ് മഷി പ്രയോഗത്തിനുള്ള ന്യായീകരണം. ഇതു കൂടാതെ ജന്‍ ധന്‍ അക്കൌണ്ടുകള്‍ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ സാധാരണക്കാരുടെ അക്കൌണ്ടായ ജന്‍ ധന്‍ യോജന ഉപയോഗിക്കുന്നതായി സംശയമുണ്ടെന്നാണ് ഇതിനു സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് പറയുന്നത്. ബാങ്കുകളില്‍ മതിയായ പണം എത്തിച്ചിട്ടുണ്ട്. ജനം പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യജ നോട്ടുകള്‍ കണ്ടെത്താന്‍ പ്രത്യേക ടാസ്ക്ഫോഴ്‍സിനെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.