എംബ്രയേര്‍ വിമാന ഇടപാട്; അഴിമതിയാരോപണം സിബിഐ അന്വേഷിക്കും
|യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബ്രസീലില്‍ നിന്ന് എംബ്രേയര്‍ വിമാനം വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന ആരോപണം സിബിഐ അന്വേഷിക്കും.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബ്രസീലില്‍ നിന്ന് എംബ്രേയര്‍ വിമാനം വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന ആരോപണം സിബിഐ അന്വേഷിക്കും. അന്വേഷണം ആവശ്യപ്പെട്ടുള്ള കത്ത് ആഭ്യന്തരമന്ത്രാലയം സിബിഐക്ക് കൈമാറി.
2008 ല്‍ ഇഎംബി 145 വിമാനങ്ങള്‍ വാങ്ങിയതില്‍ ആയിരം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതാണ് കണക്കുകൂട്ടല്‍. ഇതില്‍ ഒരു പങ്ക് ഇടനിലക്കാര്‍ കമ്മീഷനായി കൈപ്പറ്റിയെന്നും അന്ന് ഭരണത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാരിലെ പലര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. 1392 കോടി രൂപയുടെ ഇടപാടാണ് ഇന്ത്യയും ബ്രസീല്‍ പ്രതിരോധകമ്പനിയുമായി നടന്നത്. ഇന്ത്യ 208 ദശലക്ഷം ഡോളറിന് വാങ്ങിയ വിമാനങ്ങള്‍ ഡൊമനിക്കന്‍ റിപ്പബ്ലിക്ക് വാങ്ങിയത് 94 ദശലക്ഷം ഡോളറിനായിരുന്നു. യഥാര്‍ത്ഥ വിലയുടെ ഇരട്ടിയിലധികം രൂപയാണ് ഇന്ത്യ നല്‍കിയത്.
വിഷയത്തില്‍ വിമാനകമ്പനിയില്‍ നിന്ന് പ്രതിരോധമന്ത്രാലയം വിശദീകരണം തേടിയിരുന്നു. കമ്പനി നല്കിയ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് പ്രതിരോധമന്ത്രാലയം സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. വ്യോമാക്രമണ സാധ്യത മുന്‍കൂട്ടി അറിയാനുള്ള സംവിധാനങ്ങളുള്ളതാണ് ഇഎംബി 145 വിമാനങ്ങള്‍. വിമാനകമ്പനിയുടെ ഇടപാടിനെക്കുറിച്ച് ബ്രസീലിലും അമേരിക്കയിലും അന്വേഷണം നടക്കുന്നുണ്ട്.