കശ്മീരില്‍ പാക് വെടിവെപ്പ്; ജവാനടക്കം 13 പേര്‍ക്ക് പരിക്ക്
|ജമ്മു കശ്മീരിലെ ആര്‍ എസ് പുരയില്‍ പാകിസ്താന്‍റെ വെടിവെപ്പ് തുടരുന്നു.
ജമ്മു കശ്മീരില്‍ പാക് സൈന്യത്തിന്റെ പ്രകോപനം തുടരുന്നു. ആര്‍എസ് പുരയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ സൈനികന് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്താന്റെ ഭാഗത്ത് വലിയ നാശനഷ്ടമുണ്ടായതായി സൈന്യം അവകാശപ്പെട്ടു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
നിയന്ത്രണരേഖക്ക് അപ്പുറത്തേക്ക് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ പാക് സൈന്യം പാക് പ്രകോപനം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15 ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യത്തിന്റെ ആക്രമണം ഉണ്ടായി. ആര്‍എസ് പുരയില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികനും 12 സാധാരണക്കാര്‍ക്കും പരിക്കേറ്റു. മോട്ടോര്‍ ഷെല്ലുകള്‍ അടക്കമുള്ളവ ആയുധങ്ങള്‍ ഉപയോഗിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. അഖ്നൂറിലും പൂഞ്ചിലും പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്.
ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടിയാണ് നടത്തുന്നത്. പ്രത്യാക്രമണത്തില്‍ നിരവധി പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ആഭ്യന്തരമന്ത്രി വിലയിരുത്തി. ഐബി, റോ മേധാവികളുമായും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. പാക് പ്രകോപങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൈനിക പോസ്റ്റുകളില്‍ കൂടുതല്‍ സുരക്ഷ സേനയെ നിയോഗിക്കാനും അതിര്‍ത്തി മേഖലയിലെ സാധാരണക്കാരെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.