ഹിമാചലില്‍ ആരെ മുഖ്യമന്ത്രിയാക്കുമെന്ന ആശങ്കയില്‍ ബിജെപി
|മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ പ്രേംകുമാര്‍ ധുമാലിന്‍റേയും സംസ്ഥാന അധ്യക്ഷനായ സത്പാല്‍ സിങ് സതിയുടെയും പരാജയം പാര്‍ട്ടിക്കകത്ത് വലിയ പൊട്ടിത്തെറിക്ക് വഴിവെക്കും
തിളക്കമാര്‍ന്ന വിജയം നേടിയെങ്കിലും ഹിമാചല്‍ പ്രദേശില്‍ ബിജെപിയെ വെട്ടിലാക്കുന്നത് ആരെ മുഖ്യമന്ത്രിയാക്കുമെന്ന ചോദ്യമാണ്. ഇതിനുപുറമെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ പ്രേംകുമാര്‍ ധുമാലിന്‍റേയും സംസ്ഥാന അധ്യക്ഷനായ സത്പാല്‍ സിങ് സതിയുടെയും പരാജയം പാര്‍ട്ടിക്കകത്ത് വലിയ പൊട്ടിത്തെറിക്ക് വഴിവെക്കും. ഗുജറാത്തില്‍ നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാനിക്കും സ്ഥാന ചലനമുണ്ടായേക്കുമെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുപ്പായം തുന്നിവെച്ച പ്രേംകുമാര്‍ ധുമാലും പാര്‍ട്ടി അധ്യക്ഷന്‍ സത്പാല്‍ സിങ് സതിയും തമ്മിലുള്ള തര്‍ക്കം തെരഞ്ഞെടുപ്പിന് മുന്‍പേ ഹിമാചലില്‍ ബിജെപിക്ക് തലവേദനയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയത് പോലെ കേന്ദ്രമന്ത്രിമാരായ ജെപി നഡ്ഡയേയോ തവാര്‍ ചന്ദ് ഗെഹ്ലോട്ടിനേയോ ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി. ഒടുവില്‍ പ്രചാരണ രംഗത്ത് പിന്നോക്കം പോകുമെന്ന സ്ഥിതിവന്നതോടെയാണ് ധുമാലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചത്.
എന്നാല്‍ ധുമാലും സത്പല്‍ സിങും പരാജയപ്പെട്ടത് ബിജെപിക്ക് തിരിച്ചടിയായി. ഇരുനേതാക്കളുടെയും അണികള്‍ പരസ്പരം കാലുവാരിയിട്ടുണ്ടോയെന്ന സംശയം ഇതിനോടകം തന്നെ ശക്തമായി. വരുംനാളുകളില്‍ ഇത് പാര്‍ട്ടിക്കകത്ത് വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്. പ്രമുഖ നേതാക്കളുടെ പരാജയത്തോടെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം അടുത്ത ദിവസം ചേരും.
അതേസമയം ഗുജറാത്തിലെ മോശം പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ നിലവിലെ മുഖ്യമന്ത്രിയായ വിജയ് രൂപാനിയെ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന സൂചനയുണ്ട്. ബിജെപിയുമായി അകലം പാലിക്കുന്ന പട്ടേല്‍ വിഭാഗക്കാരെ അടുപ്പിക്കാന്‍ ഉപമുഖ്യമന്ത്രിയായ നിതിന്‍ ഭായ് പട്ടേലിനെ പുതിയ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. നേരത്തെ ആനന്ദി ബെന്‍ പട്ടേലിനെ മാറ്റുമ്പോള്‍ പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ട പേര് നിതിന്‍ ഭായ് പട്ടേലിന്‍റേതായിരുന്നു.