India
ഉത്തര്‍പ്രദേശില്‍ ബിജെപി തരംഗം, അടിതെറ്റി ബിഎസ്പിഉത്തര്‍പ്രദേശില്‍ ബിജെപി തരംഗം, അടിതെറ്റി ബിഎസ്പി
India

ഉത്തര്‍പ്രദേശില്‍ ബിജെപി തരംഗം, അടിതെറ്റി ബിഎസ്പി

admin
|
8 Jan 2018 7:24 PM GMT

അഖിലേഷ് സര്‍ക്കാരിനെതിരെ കാര്യമായ വിരുദ്ധ വികാരമില്ലാതിരുന്നിട്ടും കോണ്‍ഗ്രസുമായുള്ള സഖ്യം എസ്പിക്ക് എത്രമാത്രം വിനയായി എന്നത് വരുംനാളുകളില്‍ ഏറെ ചര്‍ച്ചയാകും. വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയെ

എക്സിറ്റ് പോള്‍ പ്രവചനങ്ങളെ കവച്ച് വയ്ക്കുന്ന നേട്ടം ഉത്തര്‍പ്രദേശില്‍ ബിജെപി നേടിയതെന്നാണ് ഫലസൂചനകള്‍ നല്‍കുന്നത്. കേവല ഭൂരിപക്ഷത്തിനാവശ്യമായ അംഗസംഖ്യയില്‍ നിന്നും ഏറെ മുന്നേറി 300 ലധികം സീറ്റുകളില്‍ ലീഡോടെരാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം ബിജെപി സ്വന്തം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കണ്ട സമാജ്‍വാദി പാര്‍ട്ടി - കോണ്‍ഗ്രസ് സഖ്യം തീര്‍ത്തും നിറം മങ്ങിയപ്പോള്‍ ഒരിക്കല്‍ സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായ ബിഎസ്പി ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയിലേക്കാണ് കൂപ്പുകുത്തിയിട്ടുള്ളത്. സ്ഥിരം വോട്ട് ബാങ്കുകള്‍ കൂടി ഒരിക്കല്‍ കൂടി ബിഎസ്പിയെ കൈവിട്ടതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ എല്ലാ ഘട്ടത്തിലും ബിജെപി നേട്ടം കൊയ്തതായി ഫലസൂചനകള്‍ വ്യക്തമാക്കുന്നു. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം മുതല്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയ ബിജെപി അവസാന ഘട്ടം വരെ ഇത് നിലനിര്‍ത്തിയപ്പോള്‍ ആദ്യ ഘട്ടങ്ങളില്‍ ഒപ്പത്തിനൊപ്പം നിന്ന എസ്പി - കോണ്‍ഗ്രസ് സഖ്യം പിന്നെ നിറംമങ്ങി. ബിഎസ്പിക്കാകട്ടെ സ്വന്തം കോട്ടകളില്‍ പോലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രം മുന്‍നിര്‍ത്തി പടയ്ക്കിറങ്ങിയ ബിജെപി സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ജാതിസമവാക്യങ്ങള്‍ വിദഗ്ധമായി തങ്ങള്‍ക്കനുകൂലമായി മാറ്റിയെടുത്തയായാണ് ഫലങ്ങള്‍ കാണിക്കുന്നത്. അഖിലേഷ് സര്‍ക്കാരിനെതിരെ കാര്യമായ വിരുദ്ധ വികാരമില്ലാതിരുന്നിട്ടും കോണ്‍ഗ്രസുമായുള്ള സഖ്യം എസ്പിക്ക് എത്രമാത്രം വിനയായി എന്നത് വരുംനാളുകളില്‍ ഏറെ ചര്‍ച്ചയാകും. വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ മേല്‍ക്കോയ്മ നല്‍കുന്ന ജയമാണ് ബിജെപിയുടേത്. രാജ്യം ഏറെ സജീവമായി ചര്‍ച്ച ചെയ്ത നോട്ട് നിരോധം ജനങ്ങളെ സാരമായി ബാധിച്ചിട്ടില്ലെന്ന് വ്യാഖ്യാനിക്കാന്‍ ഉത്തര്‍പ്രദേശ് ഫലം മോദിക്കും അമിത്ഷായ്ക്കും കരുത്ത് നല്‍കും. ഗുജറാത്ത് ഉള്‍പ്പെടെ ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പുകളിലും ഈ വിധി ബിജെപിക്ക് അനുഗ്രഹമായി മാറും.

തെരഞ്ഞെടുപ്പിനോട് അടുത്ത ദിവസങ്ങളില്‍ ഏറെ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട മുലായം - അഖിലേഷ് പോരിന് പുതുജീവന്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് തിരിച്ചടി ധാരാളമാകും. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഏറെ ശ്രദ്ധയോടെ കരുനീക്കം നടത്തിയ മായാവതിയെ സംബന്ധിച്ചിടത്തോളവും കനത്ത തിരിച്ചടിയാണ് ഈ വിധി. ബിഎസ്പി എന്ന പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇനി ഒരു തിരിച്ചുവരവ് ഏറെ ദുഷ്കരമാകും. എന്നും കൂടെ നിന്ന ദലിത് വോട്ട് ബാങ്ക് കൂടി മായാവതിയെ കൈവിട്ടതെന്ന അനായാസ നിഗമനത്തിലേക്കാണ് ഫലങ്ങള്‍ നയിക്കുന്നത്. ആറ്, ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന മേഖലകളില്‍ മുസ്‍ലിം വോട്ടുകള്‍ പോലും കാര്യമായി സ്വന്തമാക്കാന്‍ നിര്‍ണായക പോരാട്ടത്തില്‍ മായാവതിക്ക് കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

Similar Posts