India
സാല്‍വദോറ ഗിറോണിന് ഇറ്റലിയിലേക്ക് പോകാമെന്ന് സുപ്രീം കോടതിസാല്‍വദോറ ഗിറോണിന് ഇറ്റലിയിലേക്ക് പോകാമെന്ന് സുപ്രീം കോടതി
India

സാല്‍വദോറ ഗിറോണിന് ഇറ്റലിയിലേക്ക് പോകാമെന്ന് സുപ്രീം കോടതി

admin
|
10 Jan 2018 9:25 PM GMT

കടല്‍ക്കൊലകേസിലെ പ്രതി ഇറ്റാലിയന്‍ നാവികനായ സാല്‍വദോറ ഗിറോണിന് ഇറ്റലിയിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി.

കടല്‍ക്കൊലക്കേസിലെ പ്രതി ഇറ്റാലിയന്‍ നാവികന്‍ സാല്‍വദോറ ഗിറോണിന് ഇറ്റലിയിലേക്ക് മടങ്ങാമെന്ന് സുപ്രിം കോടതി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ഇറ്റലി നല്‍കിയ ഹരജിയിലാണ് വിധി. അന്താരാഷ്ട്ര കോടതിയിലെ കേസ് ഇന്ത്യക്ക് അനുകൂലമാവുകയാണെങ്കില്‍ നാവികനെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരണമെന്ന ഉറപ്പ് ഇറ്റലി എഴുതി നല്‍കണമെന്നതാണ് കോടതി മുന്നോട്ട് വെച്ച പ്രധാന ഉപാധി. അതേസമയം ഹരജിയെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തില്ല.

കടല്‍ക്കൊലക്കേസില്‍ പ്രതികളായ രണ്ട് ഇറ്റാലിയവന്‍ നാവികരില്‍ സാല്‍വദോറ ഗിറോണ്‍ മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ ജാമ്യത്തില്‍ കഴിയുന്നത്. ഇയാളെ ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇറ്റലി ഹേഗിലുള്ള അന്താരാഷ്ട്ര കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹരജിയില്‍ ഇറ്റലിക്ക് അനുകൂലമായ വിധിയും പുറപ്പെടുവിച്ചു. ഈ വിധി ചൂണ്ടിക്കാട്ടിയാണ്, ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി, ഗിറോണിനെ ഇറ്റലിയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യവമായി ഇറ്റലി സുപ്രിം കോടതിയെ സമീപിച്ചത്. ഇ

ന്ത്യ വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയ സുപ്രിം കോടതി ഉപാധികളുടെ അടിസ്ഥാനത്തില്‍ സാല്‍വദോറ ഗിറോണിന് ഇറ്റലിയിലേക്ക് മടങ്ങാമെന്ന് ഉത്തരവിട്ടു. ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍, നാവികരെ വിചാരണ ചെയ്യാന്‍ ഇന്ത്യക്ക് അധികാരമുണ്ടോ ഇല്ലയോ എന്നകാര്യത്തില്‍ വാദം നടക്കുകയാണ്. ഇതില്‍ ഇന്ത്യക്ക് അനുകൂലമായ വിധി വരികയാണെങ്കില്‍ നാവികനെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരണം. ഇക്കാര്യത്തിലുള്ള ഉറപ്പ് ഇറ്റലി എഴുതി നല്‍കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു.

ഇറ്റലിയിലെത്തിയ ഉടനെ നാവികന്റെ പാസ്പോര്‍ട്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍ കൈവശം വെക്കണം, ഓരോ മാസവും ഇറ്റലിയിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ നാവികന്‍ ഹാജരാകണം, ഇതിന്റെ റിപ്പോര്‍ട്ട് ഇന്ത്യന്‍ എംബസിക്ക് കൈമാറണമെന്ന ഉപാധിയും സുപ്രിം കോടതി മുന്നോട്ട് വെച്ചു. നേരത്തെ അന്താരാഷ്ട്ര കോടതിയില്‍ സാല്‍വദോറ ഗിറോണിന്റെ മോചനത്തെ ഇന്ത്യ എതിര്‍ത്തിരുന്നില്ല. സമാന നിലപാടാണ് ഇന്നും സുപ്രിം കോടതിയിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഗിറോണിന്റെ മോചനത്തോടെ കടല്‍ക്കൊലക്കേസിലെ രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കും ഇന്ത്യ വിടാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. കേസിലെ മറ്റൊരു പ്രതിയായ മസിമിലാനോ ലത്തൂറെയെ കഴിഞ്ഞ സെപ്തംബറില്‍ ചികിത്സാവശ്യാര്‍ത്ഥം ഇറ്റിയിലേക്ക് പോകാന്‍ സുപ്രിം കോടതി അനുവദിച്ചിരുന്നു.

Similar Posts