ജോലിയില്‍ അലംഭാവം കാണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ശമ്പളവര്‍ധനവില്ല
|മികവ് പുലര്‍ത്തുന്ന ജീവനക്കാര്‍ക്കു മാത്രം ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും നല്കിയാല് മതിയെന്നാണ പുതിയ തീരുമാനം.
ജോലിയില്‍ നിലവാരം പുലര്‍ത്താത്ത കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മുതല്‍ വാര്‍ഷിക ശമ്പള വര്‍ദ്ധനയുണ്ടാവില്ല. ഏഴാം ശമ്പള പരിഷ്കരണ കമ്മിഷന് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് ഈ നിബന്ധനയുള്ളത്. മികവ് പുലര്‍ത്തുന്ന ജീവനക്കാര്‍ക്കു മാത്രം ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും നല്കിയാല് മതിയെന്നാണ് പുതിയ തീരുമാനം.
സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനയും സമയാസമയം ഉണ്ടാകുമെന്ന കാഴ്ചപ്പാടാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നതെന്ന് ശമ്പള കമീഷന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ട് ജോലിയില്‍ നിലവാരമില്ലാത്തവരെ ഇനിമുതല്‍ ശമ്പള വര്‍ദ്ധനകള്‍ക്ക് പരിഗണിക്കേണ്ടതില്ലെന്ന് കമീഷന് ശിപാര്‍ശ ചെയുകയായിരുന്നു. ഏഴാം ശമ്പള പരിഷ്കരണ കമ്മീഷന്റെ ഈ ശിപാര്‍ശ അംഗീകരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കിയത്.
ജോലിയുടെ ആദ്യ 20 വര്‍ഷത്തിനകം തൊഴില്‍ മികവ് കൈവരിക്കാത്തവരുടെ വാര്‍ഷിക ശമ്പളവര്‍ധന തടഞ്ഞുവെക്കണമെന്ന ശിപാര്‍ശ അംഗീകരിച്ചതായും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ശമ്പള വര്‍ധന, സ്ഥാനക്കയറ്റം എന്നിവക്ക് പരിഗണിക്കുന്ന പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാന സൂചിക ഗുഡില്‍ നിന്ന് വെരി ഗുഡ് ആയി ധനമന്ത്രാലയം ഉയര്‍ത്തി നിശ്ചയിക്കുകയും ചെയ്തു. സര്‍ക്കാര്‍ജീവനക്കാര്‍ അര്‍ഹിക്കാത്ത സ്ഥാനങ്ങള്‍ നേടുന്നത് തടയാനും അര്‍ഹരായവര്‍ക്ക് ഉദ്യോഗക്കയറ്റം ലഭിക്കാനും പുതിയ തീരുമാനം സഹായകരമാകുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഏകദേശം അമ്പത് ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാണ് ഇന്ത്യയില്‍ ഉള്ളത്.