ജാട്ട് പ്രക്ഷോഭം മാറ്റിവെച്ചു
|30 പേരുടെ മരണത്തിനും, വ്യാപക നാശനഷ്ടങ്ങള്‍ക്കും കാരണമായ വന്‍ പ്രക്ഷോഭം കഴിഞ്ഞ് ഒരു വര്‍ഷം തികയുമ്പോഴാണ്, സമാന സാഹചര്യത്തിലേക്ക് പേയാക്കാവുന്ന സമരത്തിന് ജാട്ടുകള്‍ നാളെ മുതല്‍ ആഹ്വാനം ചെയ്തത്
ഡല്‍ഹിയില്‍ നാളെ നടക്കാനിരുന്ന ജാട്ട് പ്രക്ഷോഭം മാറ്റിവെച്ചു. സമര നേതാക്കള്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 15 ദിവസത്തേക്കാണ് സമരം മാറ്റി വെച്ചത്. ജാട്ടുകള്‍ക്ക് സംവരണം ആവശ്യപ്പെട്ട് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ദേശീയ പാതകള്‍ ഉപരോധിച്ചുള്ള സമരമാണ് നാളെ മുതല്‍ തീരുമാനിച്ചിരുന്നത്.
30 പേരുടെ മരണത്തിനും, വ്യാപക നാശനഷ്ടങ്ങള്‍ക്കും കാരണമായ വന്‍ പ്രക്ഷോഭം കഴിഞ്ഞ് ഒരു വര്‍ഷം തികയുമ്പോഴാണ്, സമാന സാഹചര്യത്തിലേക്ക് പേയാക്കാവുന്ന സമരത്തിന് ജാട്ടുകള്‍ നാളെ മുതല്‍ ആഹ്വാനം ചെയ്തത്. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ദേശീയ, സംസ്ഥാന പാതകള്‍, റെയില്‍വേ, മെട്രോ ലൈനുകള്‍ എന്നിവ ഉപരോധിക്കാനായിരുന്നു തീരുമാനം. സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ജാട്ട് നേതാക്കളുമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായ ചര്‍ച്ചകളാണ് ഹരിയാന സര്‍ക്കാര്‍ നടത്തി വന്നത്. ഇന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറുമായ നടത്തിയ ചര്‍ച്ചയില്‍ ഇരുവരും തമ്മില്‍ സമവായമുണ്ടായതായാണ് സൂചന. ജാട്ടുകളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി തത്വത്തില്‍ അംഗീകരിച്ചതായായും, രണ്ടാഴ്ച്ചക്കം ഇക്കാര്യത്തിലുള്ള ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെയടിസ്ഥാനത്തിലാണ് സമരം പതിനഞ്ച് ദിവസത്തേക്ക് സമരം നീട്ടിയത്. ഇന്നത്തെ ചര്‍ച്ചയിലുണ്ടായ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ സമരത്തിലേക്ക് തിരിച്ച് വരുമെന്ന് ജാട്ട് നേതാക്കള്‍ അറിയിച്ചു. നാളത്തെ സമരത്തിന് മുന്നോടിയായി ഇന്ന് ഹരിയാനയിലെ റോഹ്ത്തക് ജില്ലയില്‍ പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. ചിലയിടങ്ങളില്‍ പൊലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടലും ഉണ്ടായി. ഉച്ചക്ക് ശേഷം, എന്‍സിആര്‍ ഭാഗത്തേക്കുള്ള സര്‍വ്വീസുകള്‍ ഡല്‍ഹി മെട്രോ നിര്‍ത്തിവെച്ചിരുന്നു.