India
ആമിര്‍ ഖാനെതിരെ മനോഹര്‍ പരീക്കര്‍; നടനെ ഒരു പാഠം പഠിപ്പിക്കണമെന്ന് മന്ത്രിആമിര്‍ ഖാനെതിരെ മനോഹര്‍ പരീക്കര്‍; നടനെ ഒരു പാഠം പഠിപ്പിക്കണമെന്ന് മന്ത്രി
India

ആമിര്‍ ഖാനെതിരെ മനോഹര്‍ പരീക്കര്‍; നടനെ ഒരു പാഠം പഠിപ്പിക്കണമെന്ന് മന്ത്രി

Alwyn K Jose
|
10 Feb 2018 5:59 PM GMT

രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുത ഭയന്ന് രാജ്യം വിട്ടുപോകുന്നതിനെക്കുറിച്ച്‌ ഭാര്യ പോലും ചിന്തിക്കുന്നുണ്ടെന്ന് മുമ്പ് ഒരു നടന്‍ പറഞ്ഞിരുന്നു.

ബോളിവുഡ് താരം ആമിര്‍ ഖാന്റെ അസഹിഷ്ണുതാ പരാമര്‍ശത്തെ പരോക്ഷമായി വിമര്‍ശിച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുത ഭയന്ന് രാജ്യം വിട്ടുപോകുന്നതിനെക്കുറിച്ച്‌ ഭാര്യ പോലും ചിന്തിക്കുന്നുണ്ടെന്ന് മുമ്പ് ഒരു നടന്‍ പറഞ്ഞിരുന്നു. അഹങ്കാരം നിറഞ്ഞ പ്രസ്താവനയാണിത്. രാജ്യത്തെ കുറിച്ച് ഇത്തരം പ്രസ്താവന നടത്തുന്നവരെ ഒരു പാഠം പഠിപ്പിക്കുകയാണ് വേണ്ടതെന്നും ആമിര്‍ ഖാന്റെ പേര് പറയാതെ മന്ത്രി വിമര്‍ശിച്ചു. ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയെന്ന ആരോപണവും മന്ത്രി ഇക്കൂട്ടത്തില്‍ പരാമര്‍ശിച്ചു.

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നിതിന്‍ ഗോഖലെ സിയാച്ചിന്‍ ഗ്ലേസിയറിനെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ മറാത്തി പരിഭാഷ പുറത്തിറക്കുന്ന ചടങ്ങിലാണ് പരീക്കര്‍ ഇക്കാര്യം പറഞ്ഞത്. ആമിറിന്റെ പ്രസ്താവനക്കെതിരെ വലിയ ജനരോഷമാണ് ഉണ്ടായതെന്നും പ്രതിഷേധസൂചകമായി പലരും നടന്‍ ബ്രാന്‍ഡ് അംബാസഡറായ കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപേക്ഷിച്ചുവെന്നും പരീക്കര്‍ പറഞ്ഞു. ഇതിനിടെ പരീക്കറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് പകരം സ്വന്തം ജനങ്ങളെ ഭീഷണിപ്പെടുത്താനാണ് പരീക്കര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാരിന് അപ്രിയരായ എഴുത്തുകാരെയും നടന്‍മാരെയും ന്യൂനപക്ഷങ്ങളെയും ദലിതരെയും വരെ ഗൂഡാലോചനയിലൂടെ ബിജെപി - ആര്‍എസ്എസ് കൂട്ടുകെട്ട് വേട്ടയാടിയ കാര്യമാണ് പരീക്കര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നതെന്നും രണ്‍ദീപ് പറഞ്ഞു.

Similar Posts