ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ആസിഡ് കുടിപ്പിച്ചു; ഒരുമാസം ജീവന് വേണ്ടി പൊരുതി മരണത്തിന് കീഴടങ്ങി
|ഇരുട്ടിന്റെ മറവില്‍ സ്ത്രീശരീരത്തിനായി കണ്ണുതുറന്നിരിക്കുന്ന കഴുകന്‍ കണ്ണുകളില്‍ നിന്നു അവളെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയാറുമില്ല.
രാജ്യതലസ്ഥാനം സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്ത സംസ്ഥാനമായി മാറിയിട്ട് കാലംകുറച്ചായി. ഇരുട്ടിന്റെ മറവില്‍ സ്ത്രീശരീരത്തിനായി കണ്ണുതുറന്നിരിക്കുന്ന കഴുകന്‍ കണ്ണുകളില്‍ നിന്നു അവളെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയാറുമില്ല. ഏറ്റവുമൊടുവില്‍ ഡല്‍ഹിയില്‍ ക്രൂര ബലാത്സംഗത്തിനിരയായ 14 കാരി പെണ്‍കുട്ടി ഒരു മാസത്തിലേറെ ആശുപത്രിയില്‍ ജീവന് വേണ്ടി പൊരുതി മരണത്തിന് കീഴടങ്ങിയ വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ബലാത്സംഗത്തിനിടെ അക്രമികള്‍ പെണ്‍കുട്ടിയെ ആസിഡ് കുടിപ്പിച്ചു. 2012 ല്‍ ഓടുന്ന ബസില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന സമാന അനുഭവമാണ് 14 കാരിയായ ദലിത് പെണ്‍കുട്ടിക്കുമുണ്ടായത്. ഇനിയും എത്ര നിര്‍ഭയമാര്‍ ഡല്‍ഹിയിലുണ്ടാകുമെന്ന് വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍ ചോദിക്കുന്നു. ആസിഡ് കുടിച്ചതിലൂടെ പെണ്‍കുട്ടിയുടെ ഭൂരിഭാഗം ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ പൊള്ളലേറ്റിരുന്നു. ഒരു മാസത്തിലേറെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഇന്നലെ മരണം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലും പൊലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഊഹിക്കാന്‍ കഴിയുന്നതിലുമപ്പുറം വേദന സഹിച്ചാണ് പെണ്‍കുട്ടി മരിച്ചതെന്ന് മലിവാള്‍ പറഞ്ഞു. ഡല്‍ഹി പൊലീസിന് സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഗുരുതരമായ അവഗണനയാണുള്ളതെന്നും അവര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ഡിസംബറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി തനിക്കുണ്ടായ ക്രൂരതയുടെ ആഘാതത്തില്‍ നിന്നു മുക്തമായി വരുന്നതിനിടെ മെയില്‍ വീണ്ടുമൊരു സംഘം തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തതിനു ശേഷം ബലംപ്രയോഗിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു. മെയ് 26 നാണ് പെണ്‍കുട്ടിയെ ഗുരുതരപരിക്കുകളോടെ കണ്ടെത്തിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.