'സമയം കിട്ടിയില്ല; പുത്തന്‍ നോട്ടില്‍ പുതിയ സുരക്ഷ ഫീച്ചറുകളില്ല'
|മൂല്യം ഒഴിച്ചു നിര്‍ത്തിയാല്‍ ആര്‍ബിഐ അച്ചടിക്കുന്ന നോട്ടുകള്‍ വെറും കടലാസ് കഷ്ണങ്ങള്‍ മാത്രമാണെന്ന് കരുതുന്നവരാണ് കേന്ദ്രം ഭരിക്കുന്നവരെന്ന് തെളിയിക്കുകയാണ് പുതിയ വെളിപ്പെടുത്തല്‍.
മൂല്യം ഒഴിച്ചു നിര്‍ത്തിയാല്‍ ആര്‍ബിഐ അച്ചടിക്കുന്ന നോട്ടുകള്‍ വെറും കടലാസ് കഷ്ണങ്ങള്‍ മാത്രമാണെന്ന് കരുതുന്നവരാണ് കേന്ദ്രം ഭരിക്കുന്നവരെന്ന് തെളിയിക്കുകയാണ് പുതിയ വെളിപ്പെടുത്തല്‍. പുതുതായി അച്ചടിച്ചിറക്കിയ 2000 രൂപ നോട്ടില്‍ മൈക്രോചിപ്പ് വരെയുണ്ടെന്ന വ്യാജ പ്രചരണങ്ങള്‍ക്കിടെയാണ് പുതിയ നോട്ടില്‍ അധിക സുരക്ഷയൊന്നുമില്ലെന്ന വെളിപ്പെടുത്തല്‍. മതിയായ സമയം ലഭിക്കാത്തതിനാല്‍ പഴയ 500, 1000 നോട്ടുകളിലുള്ള അതേ സുരക്ഷാ സവിശേഷതകളാണ് പുതിയ 2000 രൂപ നോട്ടുകളിലും ഉള്ളതെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ദ ഹിന്ദു' പത്രം റിപ്പോര്‍ട്ടു ചെയ്തു.
പഴയ നോട്ടുകള്‍ പിന്‍വലിച്ചു ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ നോട്ടുകളില്‍ പുതിയ പല അധിക സുരക്ഷാ സംവിധാനങ്ങളുമുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നോട്ടില്‍ ചിപ്പുണ്ടെന്ന് വരെ പ്രചാരണം നടന്നത്. ഇത് സത്യമാണെന്ന് വിശ്വസിച്ച് പ്രചരിപ്പിച്ച ചിലര്‍ നിലവിട്ട് പെരുമാറാന്‍ തുടങ്ങിയതോടെ ചിപ്പുണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി തന്നെ രംഗത്തുവന്നു. ഇതിനിടെയാണ് പഴയ നോട്ടുകളിലുണ്ടായിരുന്നതിനേക്കാള്‍ അധിക സുരക്ഷാ ഫീച്ചറുകളൊന്നും പുതിയ നോട്ടിലില്ലെന്ന് വെളിപ്പെടുത്തലുമായി ഒരു മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രംഗത്തുവന്നത്.
നോട്ടിലെ സുരക്ഷാ ക്രമീകരണങ്ങള്‍ മാറ്റുന്നതിനും പരിഷ്‍കരിക്കുന്നതിനും നിരവധി കടമ്പകളുണ്ട്. കുറഞ്ഞത് അഞ്ച് ആറു വര്‍ഷങ്ങളുടെ പ്രയത്നമെങ്കിലും ഇതിനാവശ്യമാണ്. ആറു മാസം മുമ്പാണ് പുതിയ നോട്ടുകള്‍ ഇറക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരെടുത്തത്. ഇതിനകം പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്താനോ പരിഷ്കരിക്കാനോ വേണ്ടത്ര സമയമുണ്ടായിരുന്നില്ല. ഡിസൈന്‍ മാത്രമാണ് മാറിയിട്ടുള്ളത്. പഴയ 500, 1000 രൂപ നോട്ടുകളിലുണ്ടായിരുന്ന അതേ സുരക്ഷ തന്നെയാണ് പുതിയ നോട്ടിലുമുള്ളത്. ഏറ്റവുമവസാനം സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തിയത് 2005 ലാണെന്നും ഈ ഉദ്യോഗസ്ഥന്‍ പറയുന്നു. പുതിയ 2000 രൂപ നോട്ടില്‍ ഒപ്പിട്ടിരിക്കുന്നത് നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലാണ്. രണ്ടുമാസം മുമ്പാണ് ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ചുമതലയേറ്റതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.