ഇ അഹമ്മദിന്റെ മരണം: പാര്‍ലമെന്റ് സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം.
|അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ച് സ്പീക്കര്‍. ഭരണപക്ഷം സഭ സ്തംഭിപ്പിച്ചു. സര്‍ക്കാറിന്റെ അനാദരവ് തുടരുകയാണെന്ന് കേരള എം.പിമാര്‍.
അന്തരിച്ച ഇ. അഹമ്മദ് എം.പിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അനാദരവ് തുടരുന്നു. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന സംശയങ്ങള്‍ അന്വേഷിക്കുന്നതിന് പാര്‍ലമെന്റ് സമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയും ഭരണകക്ഷി അംഗങ്ങള്‍ ബഹളം വെച്ച് സഭ സ്തംഭിപ്പിക്കുകയും ചെയ്തു. അതേസമയം രാജ്യസഭയില്‍ വിഷയം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞു. സര്‍ക്കാറിന്റെ നിലപാട് തിരുത്തുന്നതു വരെ ഇക്കാര്യത്തില്‍ സമരം തുടരുമെന്ന് കേരള എം.പിമാര്‍ അറിയിച്ചു.
കാലത്ത് രാജ്യസഭയില്‍ സീതാറാം യെച്ചൂരി വിഷയം ഉന്നയിക്കുകയും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിഷയം ഏറ്റെടുക്കുകയും ചെയ്തു. ഇ. അഹമ്മദിനോടടും അദ്ദേഹത്തിന്റെ കുടുംബത്തോടും സര്‍ക്കാര്‍ അനാദരവ് കാണിച്ചുവെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. സഭയില്‍ കുഴഞ്ഞു വീണതു മുതല്‍ മരണം പ്രഖ്യാപിക്കപ്പെടുന്നതു വരെയുള്ള സമയത്തിനിടയില്‍ ഇ.അഹമ്മദിന്റെ കാര്യത്തില്‍ എന്തു സംഭവിച്ചു എന്നത് സഭ ചര്‍ച്ച ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെയും ഇക്കാര്യത്തില്‍ ലോക്‌സഭാ സമിതിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നല്‍കിയതിനു ശേഷം പിന്നീട് സര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി പിന്‍വലിക്കുകയായിരുന്നുവെന്ന് നോട്ടീസ് നല്‍കിയ കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.