നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവം; കമല്ഹാസന് മാപ്പ് പറഞ്ഞു
|മാപ്പു പറയണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് കമലിന്റെ മാപ്പ് പറച്ചില്
ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ ചലച്ചിത്രതാരം കമല്ഹാസന് മാപ്പു പറഞ്ഞു. ഒരു കമ്മിറ്റിയുടെയും നിർബന്ധത്തിനു വഴങ്ങിയല്ല മാപ്പു പറയുന്നതെന്നും ആരും നിയമത്തിനു മുകളിലല്ലെന്നു തിരിച്ചറിഞ്ഞതിനാലാണ് മാപ്പു പറയാൻ തയ്യാറാകുന്നതെന്നും ട്വിറ്ററിൽ കുറിച്ചു. മാപ്പു പറയണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് കമലിന്റെ മാപ്പ് പറച്ചില്.
നടിയെ ആക്രമിച്ച കേസിൽ തന്റെ പ്രതികരണം മാധ്യമപ്രവർത്തകരെ അറിയിക്കുന്നതിനിടയിലാണ് കമൽഹാസൻ നടിയുടെ പേര് പരാമർശിച്ചത്. പേര് പറയുന്നത് നിയമവിരുദ്ധമല്ലെ എന്ന് മാധ്യമപ്രവർത്തകർ കമൽഹാസനോട് ചോദിച്ചപ്പോൾ എന്തിനാണ് പേര് മറച്ചുവയ്ക്കുന്നതെന്നും അവരെ ദ്രൗപദിയെന്ന് വിളിക്കണമെങ്കിൽ അങ്ങനെയാകാമെന്നായിരുന്നു കമൽഹാസന്റെ മറുപടി. സംഭവത്തിൽ കമലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. കൂടാതെ, കമലഹാസനെതിരേ കളമശേരി പൊലീസ് സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്.