കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി ചീഫ് ജസ്റ്റിസ്
|ട്രൈബ്യൂണല്‍ അദ്ധ്യക്ഷന്മാര്ക്ക് വേണ്ട സൌകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനാല്‍ താന്‍ ആവശ്യപ്പെട്ടാലും അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ തയ്യാറാവുന്നില്ലെന്ന് ജസ്റ്റിസ് ടി എസ് താക്കൂര്‍
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ. ട്രൈബ്യൂണല്‍ അദ്ധ്യക്ഷന്മാര്ക്ക് വേണ്ട സൌകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനാല്‍ താന്‍ ആവശ്യപ്പെട്ടാലും അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ തയ്യാറാവുന്നില്ലെന്ന് ജസ്റ്റിസ് ടി എസ് താക്കൂര്‍ വിമര്‍ശിച്ചു. ഹൈക്കോടതികളില്‍ ആവശ്യമായ ജഡ്ജിമാരെ നിയമിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നീതി ലഭ്യമാക്കലെന്നാല് നീതിപീഠത്തിന് വിധി പറയാന്‍ സൌകര്യമൊരുക്കല്‍ കൂടിയാണെന്നും ടി എസ് താക്കൂര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് ശക്തമായി വിയോജിക്കുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അഖിലേന്ത്യാ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദിനെയും ജിതേന്ദര്‍ സിങ്ങിനെയും വേദിയിലിരുത്തി ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് ടി എസ് താക്കൂര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്. ഭരണഘടനയിലെ ആദ്യത്തെ പ്രതിജ്ഞ തന്നെ നീതി ഉറപ്പ് വരുത്തുമെന്നതാണ്. അത് കോടതികളുടെയും ട്രൈബ്യുണലുകളുടെയും മാത്രം ഉത്തരവാദിത്വമല്ല. ട്രൈബ്യൂണലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഇല്ല. ടൈബ്യൂണൽ അദ്ധ്യക്ഷന്മാർക്ക് മാന്യമായ സൗകര്യങ്ങൾ നൽകാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും ജസ്റ്റിസ് പറഞ്ഞു.
ഹൈക്കോടതികളില്‍ ആവശ്യത്തിന് ജഡ്ജിമാരെ നിയമിക്കുന്നില്ല. നീതി ലഭ്യമാക്കുക എന്നാൽ ഒരു വ്യക്തിക്ക് നീതിപീഠത്തെ സമീപിക്കാൻ കഴിയൽ മാത്രമല്ല നീതിപീഠത്തിന് സമയബന്ധിതമായി വിധി പറയാനുള്ള സൗകര്യമൊരുക്കൽ കൂടിയാണെന്നും ടി.എസ്.താക്കൂര്‍ പറഞ്ഞു. ഇത് തെറ്റാണെന്നും ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജഡ്ജി നിയമനം നടത്തിയ രണ്ടാമത്തെ സര്‍ക്കാരാണ് ഇപ്പോഴത്തേതെന്നും പിന്നീട് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. ട്രൈബ്യൂണല്‍ അദ്ധ്യക്ഷന്മാര്ക്ക് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് നല്കുന്ന അതേപോലെയുള്ള ബംഗ്ലാവും സൌകര്യങ്ങളും നല്കാന് നിലവില്‍ കഴിയില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.