India
സൌമ്യ കേസ്: കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് റിവ്യൂ ഹരജിയായി സ്വീകരിച്ചുസൌമ്യ കേസ്: കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് റിവ്യൂ ഹരജിയായി സ്വീകരിച്ചു
India

സൌമ്യ കേസ്: കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് റിവ്യൂ ഹരജിയായി സ്വീകരിച്ചു

Sithara
|
22 March 2018 5:11 AM GMT

കട്ജു ബ്ലോഗില്‍ പ്രസിദ്ധീകരിച്ച വിമര്‍ശനക്കുറിപ്പ് പുനപരിശോധന ഹരജിയായി സ്വീകരിക്കുന്നതായി കോടതി പറഞ്ഞു

സൌമ്യ വധക്കേസിലെ സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച റിട്ടയര്‍ഡ് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിന് സുപ്രിം കോടതിയുടെ നോട്ടീസ്. കട്ജു ബ്ലോഗില്‍ പ്രസിദ്ധീകരിച്ച വിമര്‍ശനക്കുറിപ്പ് പുനപരിശോധന ഹരജിയായി സ്വീകരിക്കുന്നതായി കോടതി പറഞ്ഞു. നവംബര്‍ 11ന് കോടതിയില്‍ നേരിട്ട് ഹാജരായി കട്ജുവിന് വാദങ്ങള്‍ ഉന്നയിക്കാമെന്നും കോടതി പറഞ്ഞു. കേസില്‍ സംസ്ഥാന സര്‍ക്കാരും സൌമ്യയുടെ അമ്മയും നല്‍കിയ ഹരജികളില്‍ വാദം തുടരും.

സൌമ്യ വധക്കേസില്‍ സുപ്രിംകോടതി വിധി പുറപ്പെടുവിച്ച പിറ്റേ ദിവസമാണ് റിട്ടയര്‍ഡ് സുപ്രിം കോടതി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു വിമര്‍ശം ഉന്നയിച്ചത്. തന്‍റെ ബോഗ്ലില്‍ പ്രസിദ്ധീകരിച്ച വിമര്‍ശനക്കുറിപ്പ് ഫേസ്ബുക്കിലും കട്ജു പങ്കുവെച്ചിരുന്നു. ഐപിസി 302ന് പകരം ഐപിസി 300 പ്രകാരം പ്രതി ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്താമെന്നും ഇക്കാര്യം പരിഗണിക്കാത്ത വിധി ഗുരുതര പിഴവുകളുള്ളതാണെന്നുമായിരുന്നു കട്ജുവിന്‍റെ വിമര്‍ശം. കേസില്‍ സംസ്ഥാന സര്‍ക്കാരും സൌമ്യയുടെ അമ്മയും നല്‍കിയ പുനപരിശോധന ഹരജിയിലെ ഇന്നത്തെ വാദം പൂര്‍ത്തിയാക്കവേയാണ് കട്ജുവിന്‍റെ വിമര്‍ശം ഗൌരവത്തോടെ കാണുന്നുവെന്ന് സുപ്രിം കോടതി പറഞ്ഞത്.

കട്ജു ഉന്നയിച്ച വിമര്‍ശനങ്ങളില്‍ സംവാദം നടത്താന്‍ കോടതി സന്നദ്ധമാണ്. അതിനാല്‍ കട്ജുവിന്‍റെ കുറിപ്പ് സ്വമേധയാ പുനപരിശോധന ഹരജിയായി സ്വീകരിക്കുന്നു. നവംബര്‍ 21ന് കോടിതിയില്‍ നേരിട്ട് ഹാജരായി തന്‍റെ വാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കാം. ഇക്കാര്യം അറിയിച്ച് കട്ജുവിന് നോട്ടീസയക്കാനും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. അതേസമയം സംസ്ഥാന സര്‍ക്കാരിന്‍റെയും സൌമ്യയുടെ അമ്മയുടെയും പുനപരിശോധന ഹരജികളില്‍ വാദം തുടരും. ഇന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി എജി മുകുള്‍ റോഹ്ത്തകിയാണ് ഹാജരായത്.
സൌമ്യയെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടത് ഗോവിന്ദച്ചാമി ആണെങ്കിലും അല്ലെങ്കിലും സൌമ്യയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സൃഷ്ടിച്ചത് ഗോവിന്ദച്ചാമിയാണെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം നിലനില്‍ക്കുമെന്നും എജി വാദിച്ചു.

Related Tags :
Similar Posts