മലേഗാവ് സ്ഫോടനക്കേസില്‍ നാല് പ്രതികള്‍ക്ക് ക്ലീറ്റ് ചിറ്റ് നല്‍കിയ എന്‍ഐഎ നടപടിക്കെതിരെ പ്രതിഷേധം
|മുന്‍ എബിവിപി നേതാവ് പ്രഗ്യാസിംഗ് താക്കൂറടക്കം നാല് പ്രതികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയും, പ്രതികള്‍ക്കെതിരായ മക്കോക്ക വകുപ്പുകള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചും ഇന്നലെയാണ് ദേശീയ അന്വേഷണ ഏജന്‍സി മലേഗാവ് സ്ഫോടനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്
മലേഗാവ് സ്ഫോടനക്കേസില്‍ പ്രഗ്യാസിങ്ങ് താക്കൂറടക്കമുള്ള നാല് പ്രതികള്‍ക്ക് ക്ലീറ്റ് ചിറ്റ് നല്‍കിയ എന്‍ഐഎ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. നടപടിയിലൂടെ ഭീകരതക്കെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തിലാണ് മോദി സര്‍ക്കാര്‍ വെള്ളം ചേര്‍ത്തതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി. ഹേമന്ദ് കാര്‍ക്കരെയെ രണ്ടാം വധത്തിന് വിധേയമാക്കുകയാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും ചെയ്തതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
മുന്‍ എബിവിപി നേതാവ് പ്രഗ്യാസിംഗ് താക്കൂറടക്കം നാല് പ്രതികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയും, പ്രതികള്‍ക്കെതിരായ മക്കോക്ക വകുപ്പുകള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചും ഇന്നലെയാണ് ദേശീയ അന്വേഷണ ഏജന്‍സി മലേഗാവ് സ്ഫോടനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഹിന്ദുത്വ സംഘടനകള്‍ നടത്തിയ ഭീകരാക്രമണങ്ങളിലെ അന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
മലേഗാവ് സ്ഫോടനക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന രോഹിണി സാലിയാന്‍ തന്നെ ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ഈ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് മലേഗാവ് സ്ഫോടനക്കേസിലെ പുതിയ കുറ്റപത്രമെന്ന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. രാജ്യത്തിന്‍റെ ഭീകരവിരുദ്ധ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് മേദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തി. എന്‍ഐഎയെ സംഘ്പരിവാര്‍ ഭീകരതക്കുള്ള മറയായി ഉപയോഗിക്കുകയാണെന്നും സിപിഎം ആരോപിച്ചു.
എന്‍ഐഎ കുറ്റപത്രം മഹാരാഷ്ട്ര എടിഎസ് തലവനായിരുന്ന അന്തരിച്ച ഹേമന്ദ് കാര്‍ക്കരെയുടെ രക്ത സാക്ഷിത്വത്തെ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. ജെഡിയു, എന്‍സിപി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തി.