അരുണാചലില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നടന്നേക്കും
|വോട്ടെടുപ്പിന് 10 ദിവസത്തെ സാവകാശം വേണമെന്ന് മുഖ്യമന്ത്രി നബാം തുക്കിയുടെ ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചേക്കില്ലെന്ന് സൂചന
അരുണാചല്‍ പ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ നടന്നേക്കും. വോട്ടെടുപ്പിന് 10 ദിവസത്തെ സാവകാശം വേണമെന്ന് മുഖ്യമന്ത്രി നബാം തുക്കിയുടെ ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചേക്കില്ലെന്ന് സൂചന. അതേസമയം വിശ്വാസ വോട്ടെടുപ്പ് നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്കിയ ഹരജി അരുണാചല്‍ പ്രദേശ് ഹൈക്കോടതി തള്ളി.
സുപ്രിം കോടതി നിര്‍ദേശ പ്രകാരമുള്ള വിശ്വാസ വോട്ടടുപ്പ് നടത്താന്‍ സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നബാം തുക്കി നേരത്തെ ഗവര്‍ണര്‍ ടത്ഗത് റോയിയെ കണ്ടിരുന്നു. വിശ്വാസ വോട്ടെടുപ്പിനായി ഒരുങ്ങാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നും പല എംഎല്‍എമാരും സംസ്ഥാനത്തിന് പുറത്തായതിനാല്‍ കൂടുതല്‍ സമയം വേണമെന്നും നബാം തുക്കി ഗവര്‍ണറോട് ആവശ്യപ്പെട്ടു.
നബാം തുക്കിയുടെ ഈ ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കുമെന്ന് രാജ്ഭവനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 60 അംഗങ്ങളുള്ള നിയമസഭയില്‍ 15 എംഎല്‍എമാരുടെ പിന്തുണയേ കോണ്‍ഗ്രസിനുള്ളൂ. പുറത്ത് പോയ വിമത എംഎല്‍എമാരെ തിരിച്ച് കൊണ്ട് വന്നാലേ നബാം തുകിക്ക് അധികാരത്തില്‍ തുടരനാകൂ. ഗവര്‍ണറുടെ തീരമാനം കോണ്‍ഗ്രസിന്റെ ഈ നീക്കത്തിനാണ് തിരിച്ചടിയുണ്ടാക്കുന്നത്. ബിജെപിയുടെ 11 അംഗങ്ങളുടേതടക്കം 45 അംഗങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നാണ് കോണ്‍ഗ്രസ് വിമത നേതാവായ കലികോ പുലിന്റെ അവകാശവാദം.