ഐപിഎല്ലിന് കുടിവെള്ളം നല്‍കില്ല; വേദി മാറ്റിയാലും കുഴപ്പമില്ല: മഹാരാഷ്ട്ര മുഖ്യമന്ത്രി
|ഐപിഎല്‍ മത്സരങ്ങള്‍ക്കായി കുടിവെള്ളം പാഴാക്കുന്നുവെന്ന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്ത്.
ഐപിഎല്‍ മത്സരങ്ങള്‍ക്കായി കുടിവെള്ളം പാഴാക്കുന്നുവെന്ന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്ത്. സംസ്ഥാന സര്‍ക്കാര്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കായി കുടിവെള്ളം നല്‍കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്രെ പേരില്‍ കളി മഹാരാഷ്ട്രയില്‍ നിന്ന് മാറ്റി വേറെ എവിടെയെങ്കിലും നടത്തിയാലും പ്രശ്നമില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.
വരള്‍ച്ച പിടിമുറുക്കിയ മഹാരാഷ്ട്രയില്‍ ഐപിഎല്ലിനായി ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാക്കിക്കളയുന്നതിനെ രൂക്ഷഭാഷയിലാണ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. എന്നാല്‍ ടിക്കറ്റടക്കം വിറ്റുതീര്‍ന്നതിനാല്‍ കളിമാറ്റുന്നത് പ്രായോഗികമല്ല എന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച് ഉദ്ഘാടന മത്സരം നടത്താന്‍ കോടതി അനുവദിക്കുകയായിരുന്നു.
കുടിവെള്ളം ഐപിഎല്ലിനായി പാഴാക്കുന്നതിനെതിരെ ഒരു സന്നദ്ധ സംഘടനയാണ് കോടതിയെ സമീപിച്ചത്. ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ വലയുമ്പോള്‍ 60 ലക്ഷം ലിറ്റര്‍ വെള്ളം ക്രിക്കറ്റ് പിച്ചിനായി പാഴാക്കുന്നുവെന്നായിരുന്നു പരാതി. മുംബൈ, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളിലായി 20 മത്സരങ്ങളാണ് നടക്കേണ്ടത്. വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ മത്സരംവേദി വേറെ എവിടെയെങ്കിലും മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.