പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം
|രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പൊതുബജറ്റ് നാളെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി അവതരിപ്പിക്കും
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി . രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. പൊതു ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് സഭയില്‍ വെക്കും. റെയില്‍വേ, പൊതു സംയുക്ത ബജറ്റ് നാളെയാണ് ധനമന്ത്രി അവതരിപ്പിക്കുക.
നിരവധി പുതുമകളോടെയാണ് ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുന്നത്. ബജറ്റ് അവതരണം നേരത്തെയാക്കി എന്നുള്ളതാണ് ഒരു പ്രത്യേകത. റെയില്‍വേ ബജറ്റ് പൊതു ബജറ്റില്‍ ലയിപ്പിച്ച ശേഷമുള്ള ആദ്യ ബജറ്റ് സമ്മേളനമെന്ന പ്രത്യേകതയാണ് രണ്ടാമത്തേത്.
രാവിലെ പതിനൊന്ന് മണിക്ക്, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപനത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാവുക. രാജ്യത്തെ സമ്പദ് ഘടനയുടെ നിലവിലെ ചിത്രം വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി സഭയുടെ മേശപ്പുറത്ത് വെക്കും.
ഇതിന് മുമ്പ് നടന്ന ശൈത്യകാല സമ്മേളനം വിവിധ വിഷയങ്ങളിലെ പ്രതിഷേധങ്ങളാല്‍ പൂര്‍ണ്ണമായും സ്തംഭിച്ചിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍, മുഴുവന്‍ രാഷട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതിപക്ഷ പാര്‍ട്ടികള്‍ തത്വത്തില്‍ യോജിപ്പും പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, ബജറ്റ് നേരത്തെയാക്കുന്നതിനെതിരായ വിമര്‍ശം പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ ഉയര്‍ത്തി. സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ വളര്‍ച്ച വിവരങ്ങള്‍ ഇത്തവണത്തെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. ഇതിലൂടെ നോട്ട് റദ്ദാക്കല്‍ നടപടി സാമ്പത്തിക വളര്‍ച്ചയിലുണ്ടാക്കിയ കുറവ് മറച്ച് വെക്കാന്‍ കേന്ദ്രത്തിന് കഴിയുമെന്നതാണ് പ്രതിപക്ഷ വിമര്‍ശം. ഇക്കാര്യം ഇന്നത്തെ സമ്മേളനത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയേക്കും.
നോട്ട് റദ്ദാക്കല്‍ നടപടിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ന് സഭയില്‍ പ്രതിഷേധിക്കും. നാളത്തെ ബജറ്റ് ബഹിഷ്ക്കരിക്കാനും തൃണമൂല്‍ തീരുമാനിച്ചിട്ടുണ്ട്. നോട്ട് റദ്ദാക്കല്‍ നടപടിക്ക് ശേഷമുള്ള ആദ്യ ബജറ്റെന്ന നിലയിലും, അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലും നാളത്തെ ബജറ്റിനും ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് ഉള്ളത്.