നിയമം ലംഘിച്ചാല്‍ ബി.ജെ.പി എം.പിയായാലും പിഴ ചുമത്തും: ഡല്‍ഹി ഗതാഗത മന്ത്രി
|ആം ആദ്മി സര്‍ക്കാരിന്റെ വാഹനനിയന്ത്രണ കാമ്പയിന് താന്‍ ലംഘിക്കുമെന്നു ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ വിജയ് ഗോയല്‍ വ്യക്തമാക്കിയിരുന്നു.
ആം ആദ്മി സര്‍ക്കാര്‍ ദല്‍ഹിയില്‍ വിജയകരമായി നടപ്പാക്കിയ വാഹന നിയന്ത്രണം ആരു ലംഘിച്ചാലും അത്തരക്കാരെ ശിക്ഷിക്കുമെന്നു ഡല്‍ഹി ഗതാഗതമന്ത്രി ഗോപാല്‍ റായ് പറഞ്ഞു. ആം ആദ്മി സര്‍ക്കാരിന്റെ വാഹനനിയന്ത്രണ കാമ്പയിന് താന്‍ ലംഘിക്കുമെന്നു ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ വിജയ് ഗോയല്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു ഗതാഗതമന്ത്രിതന്നെ മുന്നറിയിപ്പു നല്‍കിയത്.
വിജയകരമെന്ന് ആം ആദ്മി സര്‍ക്കാര്‍ അവകാശപ്പെടുന്ന ഒറ്റയക്ക-ഇരട്ടയക്ക വാഹനനിയന്ത്രണ പരിപാടി പ്രശസ്തിക്കു വേണ്ടിയുള്ള വെറും നാടകമാണെന്നു പറഞ്ഞ ഗോയല്‍, നിയമം ലംഘിക്കുന്നവരില്‍നിന്ന് ഈടാക്കുന്ന പണം സര്‍ക്കാരിലേക്കല്ല പോകുന്നതെന്നും കേജരിവാളിന്റെ പ്രശസ്തിക്കും അതിനായുള്ള പരസ്യങ്ങള്‍ക്കും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും ആരോപിച്ചു.
അതിനു പിന്നാലെയാണ് എം.പിക്കെതിരെ ഗതാഗതമന്ത്രി ഗോപാല്‍ റായ് തന്നെ രംഗത്തെത്തിയത്. ആര്‍ക്കും പ്രത്യേക പരിഗണന നല്‍കില്ലെന്നും നിയമം ലംഘിച്ചാല്‍ വിജയ് ഗോയലിന്റെ പക്കല്‍നിന്ന് 2,000 രൂപ പിഴയീടാക്കുമെന്നും മന്ത്രി പറഞ്ഞു. ഗോയല്‍ എന്തിനെയും അസഹിഷ്ണുതയോടെ നോക്കിക്കാണുന്നതിനാലാണു നിയമം ലംഘിക്കാന്‍ തോന്നുന്നതെന്നു പറഞ്ഞ റായ് മോശം മാര്‍ഗങ്ങളിലൂടെ തന്റെ പ്രശസ്തി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നയാളല്ല കെജ്രിവാളെന്നും കൂട്ടിച്ചേര്‍ത്തു.