ജെല്ലിക്കെട്ട് കരട് ഓര്‍ഡിനന്‍സിന് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം
|ജെല്ലിക്കെട്ട് കേസില്‍ വിധി പറയുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു
തമിഴ് ജനതയുടെ ദിവസങ്ങള്‍ നീണ്ട പ്രതിഷേധത്തിന് വിരാമമിട്ട് ജല്ലിക്കെട്ട് ഓര്‍ഡിനന്‍സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. തമിഴ്‍നാട് സര്‍ക്കാര്‍ അയച്ച കരട് ഓര്‍ഡിനന്‍സ് ചില ഭേദഗതികളോടെയാണ് കേന്ദ്ര നിയമന്ത്രാലയം അംഗീകരിച്ചത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നാളെ അയക്കും.
ജല്ലിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ രാജ്യത്താകെ തമിഴ് വികാരം ആളിപ്പടര്‍ത്തിയ പ്രതിഷേധത്തിനാണ് ഈ ഓര്‍ഡിനന്‍സോടെ വിരാമമാകുന്നത്. പ്രതിഷേധം അനുദിനം ശക്തി പ്രാപിക്കുകയും നിയന്ത്രണാതീതമാവുകയും ചെയ്തതോടെ ഓര്‍ഡിനന്‍സിനായി കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാരും അംഗീകാരം നല്‍കാന്‍ കേന്ദ്രവും നിര്‍ബന്ധിതമാവുകയായിരുന്നു.
തമിഴ്‍നാട് സര്‍ക്കാര്‍ ആണ് ഓര്‍ഡിനന്‍സിന്‍റെ കരട് തയ്യാറാക്കിയത്. ഇതില്‍ ചില ഭേദഗതി വരുത്തിയ ശേഷം കേന്ദ്ര നിയമമന്ത്രി ഒപ്പു വെച്ചു. ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ ഓര്‍ഡിനന്‍സ് നിയമമാകും. അതോടെ തമിഴ് നാട്ടിലെ ജല്ലിക്കെട്ട് കളങ്ങള്‍ ഉണരും.
നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ് ജെല്ലിക്കെട്ടിനെതിരായ ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‍റെ അപേക്ഷ പരിഗണിച്ച് ഇതില്‍ വിധി പറയുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് മാറ്റി വച്ചിരുന്നു.