മുംബൈയില്‍ തീപിടിത്തം
|അഗ്നിമശനസേനയും നാവികസേനയും നടത്തിയ സംയുക്ത രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.
മുംബൈ കൊളാബയില്‍ വന്‍ തീപിടിത്തം. അഗ്നിമശനസേനയും നാവികസേനയും നടത്തിയ സംയുക്ത രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി. നാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് വന്‍ അപകടം ഒഴിവാക്കാനായത്.
മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രമായ കൊളാബയിലെ മെട്രോഹൌസ് കോളനിയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ വൈകിട്ട് നാലു മണിയോടെ തീപടരുകയായിരുന്നു. സമീപത്തെ കഫേകളിലേക്കും റീഗല്‍ സിനിമാ ഹൌസിലേക്കും തീപടര്‍ന്നതോടെ വന്‍ ദുരന്തമുണ്ടായേക്കുമെന്ന ആശങ്കയുയര്‍ന്നു. എന്നാല്‍ അഗ്നിശമനസേനയും നാവികസേനയും നടത്തിയ സമയോചിതമായ ഇടപെടല്‍ മൂലം തീ നിയന്ത്രണ വിധേയമാക്കാനായി. 12 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടന്ന രണ്ടുപേരെ രക്ഷിച്ചു. മുംബൈ നാവികസേന ആസ്ഥാനത്തിന് അരക്കിലോമീറ്റര്‍ അകലെയാണ് തീപിടിത്തമുണ്ടായ മെട്രോഹൌസ് കോളനി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.