കനയ്യ കുമാര്‍ ഇന്ന് ജയില്‍മോചിതനാകും
|ഡല്‍ഹി ഹൈക്കോടതിയാണ് കനയ്യകുമാറിന് ആറുമാസത്തേക്ക് ഉപാധികളോടെ ജാമ്യംഅനുവദിച്ചത്.
ഇടക്കാല ജാമ്യം ലഭിച്ച ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍ ഇന്ന് ജയില്‍മോചിതനാകും. ഡല്‍ഹി ഹൈക്കോടതിയാണ് കനയ്യകുമാറിന് ആറുമാസത്തേക്ക് ഉപാധികളോടെ ജാമ്യംഅനുവദിച്ചത്. ഇടക്കാല വിധിയില്‍ കടുത്ത നിരീക്ഷണങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്. അഭിപ്രായ സ്വതന്ത്ര്യം ചില വിദ്യാര്‍ത്ഥികള്‍ തെറ്റായി വ്യാഖ്യാനിക്കുന്നെന്നും ജയില്‍ വാസം കനയ്യക്ക് ആത്മപരിശോധനയുടേതാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് ജെ.പ്രതിഭ റാണി വിധിയില്‍ പറയുന്നു.
23 പേജ് നീണ്ട് നില്ക്കുന്ന വിധിയാണ് കനയ്യ കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ചത്. പൊലീസ് സമര്‍പ്പിച്ച രേഖകളില്‍ നിന്നും, കനയ്യ അടക്കമുള്ള ചില ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ദേശ വിരുദ്ധ മനോഭാവം വ്യക്തമാണ്. ജെഎന്സ് യു പ്രസിഡണ്ടെന്ന നിലയില്‍ ക്യാമ്പസില്‍ നടന്നിട്ടുള്ള ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കനയ്യ കുമാര്‍ ഉത്തരവാദിയാണ്. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ സൈനികര്‍ ജീവന് ബലിയര്‍പ്പിച്ച് കാവല്‍ നില്‍ക്കുന്നത് കൊണ്ടാണ്, ജെഎന്‍യു ക്യാമ്പസിലെ സൌകര്യപ്രദമായ അന്തരീക്ഷത്തില്‍ തങ്ങളുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നതെന്ന ഓര്മ ഉണ്ടാകണം. ഇങ്ങനെ പോകുന്നു വിധിപ്പകര്‍പ്പിലെ പരാമര്‍ശങ്ങള്‍.
അഫ്സല് ഗുരുവിന്റെയും മഖ്ബൂര്‍ ഭട്ടിന്റെ ചിത്രങ്ങള്‍ പിടിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന വിദ്യാര്‍ത്ഥികള്‍ ആത്മപരിശോധന നടത്തണം. ജെഎന്‍യുവില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യമായി കാണാനാകില്ല. ഇത് വിദ്യാര്‍ത്ഥികളില്‍ ബാധിച്ചിട്ടുള്ള അണുബാധയാണ്. വേണ്ട വിധം ചികിത്സിച്ചില്ലെങ്കില്‍ അത് പകര്‍ച്ചവ്യാധിയായി പരിണമിക്കും. കാലിന് അണുബാധയുണ്ടായാല്‍, ആന്റി ബയോട്ടിക് നല്കിയാല് മതി. അണുബാധ വ്രണമായി മാറി ചീഞ്ഞളിഞ്ഞാല്‍, കാല് തന്നെ മുറിച്ച് മാറ്റേണ്ടി വരുമെന്നും കോടതി നിരീക്ഷിക്കുന്നു. ജയിലില്‍ കഴിഞ്ഞ മൂന്നാഴ്ച്ചക്കാലം കനയ്യക്ക് ആത്മപരിശോധനയുടെ കാലമായിരിക്കുമെന്ന പ്രതീക്ഷയും ജസ്റ്റിസ് ജെ പ്രതിഭ റാണി വിധിയില്‍ പ്രകടിപ്പിക്കുന്നു. അതേസമയം, മുകളില്‍ നടത്തിയ നിരീക്ഷണങ്ങള്‍ ജാമ്യാപേക്ഷയിലെ വിധി തീരുമാനിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണെന്നും, കേസിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തിലുള്ളതല്ലെന്നും പറഞ്ഞാണ് വിധിപ്പകര്‍പ്പ് അവസാനിക്കുന്നത്.